മുന്നറിയിപ്പ് ഫലിച്ചില്ല: അമേരിക്കയിൽ ചുഴലിക്കാറ്റിൽ 33 മരണം

വാഷിങ്ടൺ: അമേരിക്കയിൽ ശനിയാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. 33 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൻസാസിൽ അതിവേഗ റോഡിൽ കാഴ്ച മങ്ങിയതിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു.
കടുത്ത പൊടിക്കാറ്റിൽ റോഡ് ഗതാഗതം നിലച്ചു. മധ്യ അമേരിക്കയിൽ 2,00,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി വിതരണ ശൃംഖലയറ്റു. മിസിസിപ്പിയിൽ മാത്രം 300 പേർക്ക് പരിക്കേറ്റതായി ഗവർണറെ ഉദ്ധരിച്ച് യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
കനേഡിയൻ അതിർത്തിയിൽനിന്ന് ടെക്സസിലേക്ക് 130 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനുള്ള സാധ്യതയുള്ളതിനാൽ കാട്ടുതീ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പു തയാറെടുപ്പുകളും മറികടന്ന് ചുഴലി നാശം വിതച്ചു.
കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സീസണിൽ ഉണ്ടായ ചുഴലിക്കാറ്റിൽ 54 പേർ മരിച്ചെന്നാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ കണക്കുകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.








0 comments