മനസ്സറിഞ്ഞ്.... മനം നിറഞ്ഞ്...

മീനങ്ങാടി പഞ്ചായത്തിന്റെ അമരക്കാരിയായപ്പോൾ മീനങ്ങാടിയെ രാജ്യത്തിന് മാതൃകയാക്കിയ ബീനാ വിജയനെ ജില്ലാ പഞ്ചായത്ത് നയിക്കാൻ പറഞ്ഞയക്കുന്ന സന്തോഷത്തിൽ വോട്ടർമാർ. പഴയ പഞ്ചായത്ത് പ്രസിഡന്റ് മീനങ്ങാടി ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയായി വോട്ടഭ്യർഥിക്കുമ്പോൾ നാട് ഹൃദയത്തിലേറ്റുകയാണ്. ‘ഞങ്ങളുടെ പ്രശ്‌നങ്ങളറിയുന്ന ഞങ്ങളുടെ മകളാണ്. ജയിപ്പിക്കും. ബീനേന്റെ കൂടെ ഞങ്ങളും ജയിക്കും’– കുമ്പളേരിയിലെ കൊട്ടമ്പത്ത് ഉന്നതിയിലേക്ക് സ്ഥാനാർഥിയെ വരവേറ്റ് ഉൗരുമൂപ്പൻ പടപ്പൻ പറഞ്ഞ വാക്കുകളാണ് നാടാകെ ഏറ്റുപറയുന്നത്. ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന് കുമ്പളേരിയിൽയിൽനിന്ന് ആരംഭിച്ച പര്യടനമാണ് കൊട്ടമ്പത്ത് ഉന്നതിയിൽ എത്തിയത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി കെ ജി ജയന്തിക്കും അമ്പലവയൽ രണ്ടാംവാർഡ് സ്ഥാനാർഥി കെ വി ആന്ത്രയോസിനുമൊപ്പമെത്തിയ ബീനാ വിജയനെ ഉൗരുമൂപ്പന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ‘ നിങ്ങള് വോട്ട് ചോദിച്ച് വന്നില്ലെങ്കിലും ഞങ്ങള് കൂടെയുണ്ട്. എല്ലാരും വരുന്നപോലെ വോട്ടിന് വേണ്ടി മാത്രമല്ലല്ലോ നിങ്ങള് വരാറ്. എൽഡിഎഫ് സ്ഥാനാർഥികളെ കണ്ട സന്തോഷത്തിൽ ഉന്നതിയിലെ കറുമ്പിയുടെ വാക്കുകൾ. ‘ഇവടെ വെള്ളമില്ലാത്ത പ്രശ്‌നം ആരോടു പറയണമെന്ന് അറിയില്ലാരുന്നു. കഴിഞ്ഞ തവണ സഖാക്കൾ വന്നപ്പോഴാണ് വിവരം പറഞ്ഞത്. ഇപ്പോഴിതാ വീട്ടിന്റെ മുറ്റത്ത് വെള്ളമെത്തി’– കറുമ്പിക്ക് കുടിവെള്ള പ്രശ്‌നം പരിഹരിച്ച സന്തോഷമാണ്. ഉന്നതിയിലെ ഓരോവീട്ടിലും കയറിയിറങ്ങിയാണ് സ്ഥാനാർഥികൾ മടങ്ങിയത്. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ബീനാ വിജയന്റെ സ്ഥാനാർഥി പര്യടനം ഓരോദിവസവും രണ്ടുവാർഡുവീതം കടന്നുപോയാണ് പുരോഗമിക്കുന്നത്. ചൊവ്വ ഉച്ചയ്‌ക്കുശേഷം കാരച്ചാൽ വാർഡിലായിരുന്നു പര്യടനം. രണ്ടുതവണ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോളും 2010–15ൽ ജില്ലാ പഞ്ചായത്ത് അംഗമായപ്പോഴും കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന നിലയിലും ദേശീയ ശ്രദ്ധയിലേക്ക് നാടിനെ നയിച്ച വികസന ക്ഷേമപ്രവർത്തനങ്ങൾ നിരത്തിയാണ് പ്രചാരണം മുന്നേറുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായി വനിതകളുടെ പോരാട്ടത്തിന് നേതൃത്വം നൽകുന്ന ബീനക്കായി വനിതാ പ്രവർത്തകരാകെ സജീവമായി രംഗത്തുണ്ട്.









0 comments