എടവകയിൽ തുടരും

എടവക വിജയത്തുടർച്ചയ്‌ക്കൊരുങ്ങി ജില്ലാ പഞ്ചായത്തിലെ എടവക ഡിവിഷൻ. എടവക പഞ്ചായത്തിലെ മുഴുവൻ വാർഡുകളുമടങ്ങിയതാണ് ഡിവിഷൻ. കഴിഞ്ഞ തവണ തൊണ്ടര്‍നാട് പഞ്ചായത്തിലെ എട്ട് വാർഡുകളും ഡിവിഷന്റെ ഭാഗമായിരുന്നു. എന്നാല്‍, പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി എടവക പഞ്ചായത്ത് മാത്രമായി. കഴിഞ്ഞ തവണ 838 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ കെ വിജയനാണ് വിജയിച്ചത്. സംസ്ഥാന സർക്കാരിന്റെ ക്ഷേമ–വികസന പ്രവർത്തനങ്ങൾ ഡിവിഷനിൽ സജീവചർച്ചയാണ്. കോടികളുടെ വികസനമാണ് സംസ്ഥാന സർക്കാർ പദ്ധതികളിലൂടെ ഡിവിഷനിലേക്ക് എത്തിയത്. മാനന്തവാടി–നഗരസഭയെയും എടവക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വള്ളിയൂർക്കാവ് പാലം നിർമാണം അന്തിമഘട്ടത്തിലായി. 12 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം. പാലത്തിനോട് ചേർന്ന് മൂന്നുകോടിയിൽ നവീകരിക്കുന്ന കമ്മന–കുരിശിങ്കൽ പാതയുടെ പ്രവൃത്തി ഉദ്‌ഘാടനം കഴിഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയാണ് എൽഡിഎഫ് സ്ഥാനാർഥി. ബ്ലോക്ക് പഞ്ചായത്തിലൂടെയും വികസനമൊഴുകി. എടവക മുൻ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ ജസ്‌റ്റിന്റെ കൈയൊപ്പ് ചാർത്തിയതാണ് ഡിവിഷനിലെ വികസനങ്ങളെല്ലാം. ഗവ. ഐടിഐ, പി കെ കാളൻ മെമ്മോറിയൽ അപ്ലൈഡ് സയൻസ് കോളേജ്, മാനന്തവാടി ഗവ. കോളേജിന്റെ അക്കാദമിക്, ഭൗതിക സൗകര്യ വികസനം എന്നിവയെല്ലാം യഥാർഥ്യമാക്കുന്നതിൽ നാട്ടുകാരുടെ ‘ജസ്‌റ്റിൻ മാഷിന്റെ’ പങ്ക് വലുതാണ്. മുന്പും ജില്ലാ പഞ്ചായത്ത് ഡിവിഷനെ ഇദ്ദേഹം പ്രതിനിധാനം ചെയ്‌തിട്ടുണ്ട്. സിപിഐ എം പനമരം മുൻ ഏരിയാ സെക്രട്ടറിയാണ്. നിലവിൽ ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. കോൺഗ്രസിലെ ജില്‍സണ്‍ തൂപ്പുംകരയാണ് യുഡിഎ-ഫ് സ്ഥാനാർഥി. അമൃതരാജ് ജോര്‍ജ് ബിജെപിക്കായി ജനവിധി തേടുന്നു.









0 comments