വലിയ വിജയത്തിന് കുഞ്ഞുമോൾ

ബത്തേരി ചൊവ്വ രാവിലെ നെന്മേനി പഞ്ചായത്തിലെ കുന്താണിയിലേക്ക് എൻ പി കുഞ്ഞുമോൾ എത്തുന്പോൾ കടയിലിരുന്ന് സുഹൃത്തുക്കളോടൊപ്പം സംസാരിക്കുകയായിരുന്നു പന്തായിൽ ആൽബർട്ട്. പരിചയപ്പെടുത്തുംമുന്പേ മറുപടിയെത്തി. ‘എന്റെ വീട്ടിൽ അഞ്ച് വോട്ടുണ്ട് അഞ്ചും നിങ്ങൾക്കുള്ളതാ. വലിയ വിജയമുണ്ടാകും' അന്പലവയൽ ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി ചൊവ്വാഴ്‌ച അന്പലവയൽ പഞ്ചായത്തിലെ കുപ്പമുടി, നെന്മേനി പഞ്ചായത്തിലെ കുന്താണി, മലങ്കര വാർഡുകളിലാണ് വോട്ടർമാരെ നേരിൽ കാണാനെത്തിയത്. കുപ്പമുടിയിൽ വീടുകളിലും ഹൗസിങ് കോളനിയിലും തൊഴിലുറപ്പ് കേന്ദ്രത്തിലും എത്തി വോട്ടഭ്യർഥന നടത്തിയശേഷമാണ് കുന്താണിയിലെത്തിയത്. ഉന്നതികളിലും തൊഴിലുറപ്പ് ജോലിസ്ഥലങ്ങളിലും വീടുകളിലും സ്ഥാനാർഥിയെത്തി. മംഗലത്ത് ഷാജിയുടെ കൃഷിയിടത്തിൽ മൺബണ്ട് നിർമാണത്തിനെത്തി ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ സർക്കാരിന്റെ ക്ഷേമപദ്ധതികളെയും പ്രത്യേകിച്ച് സ്‌ത്രീസുരക്ഷ പദ്ധതിയെക്കുറിച്ചും സംസാരിച്ചു. മാനിവയലിൽ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നതിനിടെ പ്രദേശത്തെ തെരുവുവിളക്കുകൾ കത്താത്തത് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. ബ്ലോക്ക് പഞ്ചായത്തംഗം മുൻകൈയെടുത്ത് ബത്തേരിയിലെ പ്രമുഖ ടെക്‌സ്റ്റയിൽ സ്ഥാപനങ്ങളിൽനിന്ന് സ്‌പോൺസർ ചെയ്യിപ്പിച്ചതാണ് 10 തെരുവുവിളക്കുകൾ. പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ടാകുകയും രണ്ട് ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെടുകയും ചെയ്തതോടെയാണ് തെരുവുവിളക്കുകൾ സ്ഥാപിച്ചത്. കേടായ വിളക്കുകൾ നന്നാക്കാൻ പഞ്ചായത്ത് ഭണസമിതി ഒന്നും ചെയ്യാത്തതാണ് രാത്രി പ്രദേശത്ത് ഇരുട്ട് മൂടുന്നത്. മാക്കുറ്റിയിലെയും പുഞ്ചവയലിലെയും ഉന്നതികളിലും തൊഴിലുറപ്പ് കേന്ദ്രങ്ങളിലും വോട്ടർമാരെ സ്ഥാനാർഥി നേരിൽക്കണ്ട് വോട്ടഭ്യർഥിച്ചു. പഞ്ചായത്ത് സ്ഥാനാർഥികളായ സുജ ജെയിംസും മിനി പ്രഭാകരനും കുഞ്ഞുമോൾക്കൊപ്പമുണ്ടായി.









0 comments