ബുവലോയ് ചുഴലിക്കാറ്റ്; വിയറ്റ്നാമിൽ ആയിരങ്ങളെ ഒഴിപ്പിച്ചു; വിമാനത്താവളങ്ങൾ അടച്ചു, അതീവ ജാഗ്രത

photo credit: X
ഹാനോയ് : ബുവലോയ് ചുഴലിക്കാറ്റ് കര തൊട്ടതോടെ വിയറ്റ്നാമിൽ അതീവ ജാഗ്രത നിർദേശം. പ്രതീക്ഷിച്ചതിലും മുന്നെ തിങ്കൾ പുലർച്ചെയാണ് കാറ്റ് കര തൊട്ടത്. ഞായറാഴ്ച വിയറ്റ്നാമിന്റെ മധ്യ, വടക്കൻ പ്രവിശ്യകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. വിമാനത്താവളങ്ങൾ എല്ലാം അടച്ചു. വടക്കൻ തീരദേശ പ്രവിശ്യയായ ഹാ ടിൻഹിലാണ് കൊടുങ്കാറ്റ് കര തൊട്ടത്. ദുർബലമാകുന്നതിന് മുമ്പ് കാറ്റ് വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഹാ ടിൻഹിന്റെയും അയൽപ്രവിശ്യയായ എൻഘെ ആന്റെയും കുന്നിൻ പ്രദേശങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.
വെള്ളിയാഴ്ച മുതൽ മധ്യ ഫിലിപ്പീൻസിൽ ബുവലോയ് ചുഴലിക്കാറ്റിനെതുടർന്നുണ്ടായ കെടുതികളിൽ 20 മരണം റിപ്പോർട്ട് ചെയ്തു. ഭൂരിഭാഗവും മുങ്ങിമരണങ്ങളായിരുന്നു. മരങ്ങൾ കടപുഴകി വീണ് നിരവധിയിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഏകദേശം 23,000 കുടുംബങ്ങളെ 1,400ലധികം അടിയന്തര ഷെൽട്ടറുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വിയറ്റ്നാമിൽ ബുവലോയിയുടെ ഫലമായി മണിക്കൂറിൽ 133 കിലോമീറ്റർ (83 മൈൽ) വരെ വേഗതയിൽ കാറ്റ് വീശുമെന്നും കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കനത്ത മഴയ്ക്ക് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. തുടർന്നാണ് അടിയന്തര നടപടികൾ സ്വീകരിച്ചത്.
347,000-ത്തിലധികം വീടുകളിൽ വൈദ്യുതിവിച്ഛേദിക്കപ്പെട്ടു. ശക്തമായ കാറ്റിൽ ദേശീയപാതയിലെ ഇരുമ്പ് മേൽക്കൂരകളും കോൺക്രീറ്റ് തൂണുകളും തകർന്നു. ഡോങ് ഹോയിയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ (28 മൈൽ) അകലെയുള്ള ഫോങ് നാ കമ്മ്യൂണിൽ കാറ്റും ശക്തമായ മഴയും അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു. വടക്കൻ, മധ്യ മേഖലകളിലെ മത്സ്യബന്ധനം നിർത്തിവയ്ക്കുകയും പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. തീരദേശ നഗരമായ ഡാ നാങിൽ 210,000-ത്തിലധികം ആളുകളെയും വടക്കുള്ള ഹ്യൂവിൽ നിന്ന് 32,000-ത്തിലധികം തീരദേശ നിവാസികളെയും സുരക്ഷിത സ്ഥാനത്തേക് മാറ്റിപ്പാർപ്പിക്കും.
ഡാനാങ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ നാല് തീരദേശ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായും നിരവധി വിമാന സർവീസുകൾ പുനഃക്രമീകരിച്ചതായും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ശനിയാഴ്ച രാത്രി മുതൽ വിയറ്റ്നാമിലെ മധ്യ പ്രവിശ്യകളിൽ കനത്ത മഴ പെയ്തു. ഹ്യൂവിൽ, താഴ്ന്ന പ്രദേശങ്ങളിലെ തെരുവുകൾ വെള്ളത്തിൽ മുങ്ങി. കൊടുങ്കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നു പോയി. വെള്ളപ്പൊക്കത്തിൽ ഒരാൾ ഒലിച്ചു പോയതായി റിപ്പോർട്ടുണ്ട്.

അയൽരാജ്യമായ ക്വാങ് ട്രൈ പ്രവിശ്യയിൽ ഒരു മത്സ്യബന്ധന ബോട്ട് മുങ്ങി. മറ്റൊന്ന് കടലിൽ കുടുങ്ങി. ഒമ്പത് പേരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. ഞായറാഴ്ച പ്രവിശ്യയിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും വൈദ്യുതാഘാതമേറ്റ് 16 വയസ്സുള്ള ഒരു കുട്ടി മരിച്ചു. കൊടുങ്കാറ്റ് സാവധാനത്തിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും ഇത് കൂടുതൽ നേരം കാറ്റിനും മഴയ്ക്കും കാരണമാകുമെന്നും വെള്ളപ്പൊക്കത്തിന് സാധ്യത വർദ്ധിപ്പിക്കുമെന്നും നാഷണൽ സെന്റർ ഫോർ ഹൈഡ്രോ-മെറ്റീരിയോളജിക്കൽ ഫോർകാസ്റ്റിംഗിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഹോങ് ഫുക് ലാം പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 1 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഇത് വടക്കൻ, മധ്യ പ്രവിശ്യകളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത വർദ്ധിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഒരു ആഴ്ചയ്ക്കുള്ളിൽ ഏഷ്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമാത്തെ വലിയ കൊടുങ്കാറ്റാണ് ബുവാലോയ്. വർഷങ്ങളായി ഉണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നായ റഗാസ, വടക്കൻ ഫിലിപ്പീൻസിലും തായ്‌വാനിലും 28 പേരുടെ മരണത്തിനിടയാക്കി. തുടർന്ന് ചൈനയിൽ കര തൊട്ട റഗാസ വ്യാഴാഴ്ച വിയറ്റ്നാമിലാണ് ദുർബലമായത്.









0 comments