'സീഡ് വേക്കന്റേ' തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി വത്തിക്കാൻ

vatican stamp
വെബ് ഡെസ്ക്

Published on Apr 30, 2025, 05:07 PM | 1 min read

വത്തിക്കാൻ സിറ്റി: 'സീഡ് വേക്കന്റേ' തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി വത്തിക്കാൻ. പുതിയ മാർപ്പാപ്പ തിരഞ്ഞെടുക്കപ്പെടുന്നതുവരെയാണ് സ്റ്റാമ്പുകൾക്ക് സാധുതയുള്ളത്. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിനും പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നതിനും ഇടയിലുള്ള കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് ഈ പ്രത്യേക സ്റ്റാമ്പുകൾ. വത്തിക്കാൻ പോസ്റ്റ് ഓഫീസുകളിലും തെരഞ്ഞെടുത്ത കളക്ടേഴ്സ് ഷോപ്പുകളിലുമാണ് സ്റ്റാമ്പുകൾ ലഭിക്കുക.


പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നതുവരെ കത്തുകൾ, പോസ്റ്റ്കാർഡുകൾ, പാക്കേജുകൾ എന്നിവ അയയ്ക്കാൻ സെഡേ വേക്കന്റേ തപാൽ സ്റ്റാമ്പുകൾ ഉപയോ​ഗിക്കാം. പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നതോടെ അവയുടെ തപാൽ മൂല്യം നഷ്ടപ്പെടും. എന്നിരുന്നാലും സ്റ്റാമ്പുകൾ ശേഖരിച്ചുവയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്കായി പിന്നീടും ഇവ ലഭ്യമാണ്. ഈ സ്റ്റാമ്പുകളുടെ 500,000 സെറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്.


1.25 യൂറോ, 1.30 യൂറോ, 2.45 യൂറോ, 3.20 യൂറോ എന്നിങ്ങനെ നാല് മുഖവിലകളിലായാണ് വത്തിക്കാൻ സ്റ്റാമ്പുകൾ അച്ചടിച്ചിരിക്കുന്നത്. വെളുത്ത മേഘക്കൂട്ടങ്ങളുടെ പശ്ചാത്തലത്തിൽ പാപ്പയുടെ താക്കോലുകൾ സംരക്ഷിക്കുന്ന ഒരു മേലാപ്പ് ഉയർത്തിപ്പിടിച്ചിരിക്കുന്ന മൂന്ന് മാലാഖമാരുടെ പ്രതീകാത്മക ചിത്രമാണ് സ്റ്റാമ്പിലുള്ളത്. 'സിറ്റ ഡെൽ വത്തിക്കാനോ' (വത്തിക്കാൻ സിറ്റി), 'സീഡ് വേക്കന്റേ MMXXV' (വേക്കന്റ് സീ 2025) എന്നീ വാക്കുകൾ സ്റ്റാമ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


തിങ്കളാഴ്ചയാണ് സ്റ്റാമ്പുകൾ വിൽപ്പനയ്‌ക്കെത്തിയത്. മാർപ്പാപ്പയെ തെരഞ്ഞെടുത്തതായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രഖ്യാപിക്കുന്നതോടെ സ്റ്റാമ്പുകൾ അസാധുവാകും. ലാറ്ററൻ ഉടമ്പടി വത്തിക്കാൻ സിറ്റിയെ ഒരു പരമാധികാര സ്ഥാപനമായി സ്ഥാപിച്ച 1929 മുതലാണ് സെഡേ വേക്കന്റേ തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി തുടങ്ങിയത്.


മാർപ്പാപ്പമാരുടെ ചരിത്തിൽ അപൂര്‍വമായി 2013ൽ ബെനഡിക്ട് പതിനാറാമൻ സ്ഥാനമൊഴിഞ്ഞപ്പോഴാണ് അവസാനമായി വത്തിക്കാൻ സ്റ്റാമ്പുകൾ പുറത്തിറക്കിയത്. നിലവിലുള്ള മാർപ്പാപ്പ മരണപ്പെട്ടാൽ മാത്രമാണ് സാധാരണ പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കേണ്ടി വരാറുള്ളത്. മെയ് 7ന് ഫ്രാൻസിസ് മാർപാപ്പയുടെ പിൻ​ഗാമിയായി പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനായുള്ള പേപ്പൽ കോൺക്ലേവിന് തുടക്കമാകും.



deshabhimani section

Related News

View More
0 comments
Sort by

Home