ഉക്രയ്‌നിനായി ടോമഹോക് മിസൈൽ; ആവശ്യം പരിഗണിക്കുമെന്ന് യുഎസ്

വാഷിങ്ടൻ: റഷ്യയ്ക്കെതിരെ പോരാടാൻ ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി ആവശ്യപ്പെട്ട ദീർഘദൂര ടോമഹോക് മിസൈൽ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. മറ്റു ചില യൂറോപ്യൻ രാജ്യങ്ങളും ടോമഹോക് മിസൈൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈകാതെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2500 കിലോമീറ്റർ പരിധിയുള്ളതാണ് ടോമഹോക് മിസൈൽ. ഇതോടെ മോസ്കോ യുക്രെയ്നിന്റെ ആക്രമണപരിധിയിലാകും. നേരത്തെ ഉക്രയ്ൻ ഈ ആവശ്യം ഉന്നയിച്ചപ്പോൾ ട്രംപ് തള്ളിക്കളഞ്ഞിരുന്നു. യുഎസ് നീക്കം സൂക്ഷ്മമായി പരിശോധിക്കുമെന്ന് റഷ്യ പ്രതികരിച്ചു.
അമേരിക്കയിൽനിന്ന് 10,000 കോടി ഡോളറിന്റെ (ഏകദേശം 8.70 ലക്ഷംകോടി രൂപ) ആയുധങ്ങൾ ഉക്രയ്‌ന് വാങ്ങി നൽകാൻ ധാരണയെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. യൂറോപ്യൻ രാജ്യങ്ങളാണ് ഉക്രയ്‌ന് ആയുധം വാങ്ങാനുള്ള പണം നൽകുകയെന്നാണ് ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട്.
ഉക്രയ്‌നിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ വ്യോമാക്രമണങ്ങളിൽനിന്ന് രക്ഷിക്കാൻ യുഎസിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം ഉക്രയ്‌ൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ യുഎസ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. റഷ്യയും ഉക്രയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഡോണൾഡ് ട്രംപ് മുൻകൈയെടുത്ത് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഫലത്തിൽ അമേരിക്കയ്‌ക്ക് നേട്ടമുള്ള ആയുധ കരാർകൂടി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.









0 comments