വിമാന സർവീസുകൾ റദ്ദാക്കി

print edition യുഎസ്‌ സൈനികനീക്കം ; മുട്ടുമടക്കില്ലെന്ന്‌ വെനസ്വേല

Us Venezuela Conflict

അമേരിക്കൻ ഭീഷണി നിലനിൽക്കെ വെനസ്വേലയിലെ വലേൻസിയയിൽ 
സുരക്ഷാദ‍ൗത്യത്തിന്റെ ഭാഗമായി അണിനിരന്ന സുരക്ഷാ സേനാംഗങ്ങൾ

വെബ് ഡെസ്ക്

Published on Nov 24, 2025, 04:31 AM | 1 min read


കരാക്കസ്‌

സാമ്രാജ്യത്വശക്തികളുടെ ആക്രമണങ്ങൾക്ക്‌ മുന്നിൽ മുട്ടുമടക്കില്ലെന്നും പരമാധികാരം സംരക്ഷിക്കാൻ രാഷ്‌ട്രം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെന്നും വെനസ്വേല പ്രതിരോധ മന്ത്രി വ്‌ലാദിമിർ പാഡ്രിനോ ലോപ്പസ്‌. ദേശീയസായുധ സേന രാജ്യത്ത്‌ 1.70 ലക്ഷം സൈനികരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹംപറഞ്ഞു. വെനസ്വേലയെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ സൈനിക നീക്കം ഉർജിതമാക്കിയതിന്‌ പിന്നാലെയാണ്‌ പ്രതിരോധ മന്ത്രിയുടെ പ്രതികരണം.


യുഎസ്‌ സേനയുടെ ആവർത്തിച്ചുള്ള ആക്രമണങ്ങളെയും ഭീഷണികളെയും അദ്ദേഹം അപലപിച്ചു. മയക്കുമരുന്ന്‌ കടത്തിന്റെ പേരിൽ അസത്യപ്രചാരണങ്ങൾ നടത്തി അധീശത്വം നേടാനാണ്‌ യുഎസ്‌ ശ്രമം. വെനസ്വേലയ്‌ക്ക്‌ അടിമത്തത്തിലേക്ക്‌ മടങ്ങിപ്പോകാനാകില്ല. സ്വാതന്ത്ര്യത്തിനായി ഏതറ്റംവരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.


വെനസ്വേലയില്‍ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയെ അട്ടിമറിക്കാന്‍ സിഐഎയെ നിയോഗിച്ചെന്ന് യുഎസ്‌ പ്രസിഡന്റ് ഡോണള്‍‍ഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ, വിമാനവാഹിനിക്കപ്പൽ അടക്കമുള്ള നിരവധി യുദ്ധക്കപ്പലുകൾ കരീബിയൻ കടലിൽ തന്പടിച്ചിരിക്കുകയാണ്‌. മത്സ്യത്തൊഴിലാളികളെ വെടിവച്ച്‌ കൊന്ന്‌ പ്രകോപനം സൃഷ്‌ടിക്കുന്നതും തുടരുകയാണ്‌.


വിമാന സർവീസുകൾ റദ്ദാക്കി

ആറ്‌ വിമാനക്കന്പനികൾ വെനസ്വേലയിൽനിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി. വെനസ്വേലയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ "അപകടകരമായേക്കാവുന്ന സാഹചര്യം’ ഉണ്ടായേക്കാമെന്ന യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ മുന്നറിയിപ്പിന്‌ പിന്നാലെയാണ്‌ നടപടി. സ്‌പെയിനിലെ ഐബീരിയ, ബ്രസീലിലെ ഗോൾ, കൊളംബിയയിലെ ഏവിയാൻക, പോർച്ചുഗലിലെ ടിഎപി എയർ, ചിലിയിലെ ലാറ്റം എയർലൈൻസ്‌, ട്രിനിഡാഡ്‌ ആൻഡ്‌ ടൊബാഗോയുടെ കരീബലയൻ എയർലൈൻസ്‌ എന്നിവയുടെ സർവീസുകളാണ്‌ റദ്ദാക്കിയത്‌. കോപ്പ എയർലൈൻസ്‌, എയർ യുറോപ്പ, പ്ലസ്‌ അൾട്ര, ടർക്കിഷ്‌ എയർലൈൻസ്‌ എന്നിവ സർവീസ്‌ നടത്തുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Home