ഇന്ത്യയ്ക്കെതിരെ പ്രതികാര ചുങ്കം ഏർപ്പെടുത്തണം; ജി7 രാഷ്ട്രങ്ങളോട് ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: ജി7 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരേ തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് യു എസ് ഭരണകൂടം. റഷ്യയ്ക്ക് മേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കാൻ ഇന്ത്യയ്ക്കെതിരെ തങ്ങൾ ചുമത്തിയതിന് സമാനമായി ചുങ്കം ഏർപ്പെടുത്തണം എന്നാണ് ആവശ്യം.
കനേഡിയന്‍ ധനമന്ത്രി ഫ്രാങ്കോയിസ് ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി7 രാജ്യങ്ങളുടെ യോഗത്തിലാണ് അമേരിക്കന്‍ പ്രതിനിധി ആവശ്യമുന്നയിച്ചത്. ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരേ 100 ശതമാനം തീരുവ ചുമത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജി7 യോഗത്തിലും ഉന്നയിച്ചത്.
തീരുവ ചുമത്തുന്നതില്‍ മറ്റ് അംഗങ്ങളും അമേരിക്കയ്‌ക്കൊപ്പം അണിചേരണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് യോഗത്തില്‍ പറഞ്ഞു. ഇന്ത്യ, ചൈന, എന്നിവർക്കെതിരെയുള്ള താരിഫ് ക്രെംലിന്റെ വരുമാന സ്രോതസ്സ് വെട്ടിക്കുറയ്ക്കുന്നതിന് അനിവാര്യമാണെന്ന് ഗ്രീറും ബെസെന്റും വാദിച്ചു.
യുഎസ് ട്രഷറി സെക്രട്ടറിയും യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീറും കൂടിച്ചേരലിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യം പരസ്യപ്പെടുത്തി.
"പ്രസിഡന്റ് ട്രംപിന്റെ ധീരമായ നേതൃത്വത്തിന് നന്ദി, റഷ്യയുടെ എണ്ണ വാങ്ങുന്നവർക്കെതിരെ അമേരിക്ക ഇതിനകം തന്നെ നാടകീയമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ യുദ്ധം അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഞങ്ങളുടെ സഹ ജി 7 രാജ്യങ്ങൾ നൽകുന്ന ഉറപ്പുകൾ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ ഈ നിർണായക സമയത്ത് നിർണായക നടപടി സ്വീകരിക്കുന്നതിൽ അവർ ഞങ്ങളോടൊപ്പം ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."
ഉപരോധങ്ങള്‍ കൊണ്ടുള്ള സമ്മര്‍ദം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെയും റഷ്യയുടെ മരവിപ്പിച്ച ആസ്തികള്‍ യുക്രൈന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള ആഹ്വാനത്തെയും യുഎസ് സ്വാഗതം ചെയ്തു.
സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ ചര്‍ച്ചചെയ്യാനായാണ് ജി7 കൂട്ടായ്മയുടെ യോഗംചേര്‍ന്നത്. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് ജി7 കൂട്ടായ്മയിലെ അംഗങ്ങള്‍.
"നമ്മൾ വളരെ ശക്തമായി മുന്നോട്ട് വരേണ്ടിവരും," റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടുള്ള തന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്" എന്ന് വെള്ളിയാഴ്ച ട്രംപ് പറഞ്ഞിരുന്നു.









0 comments