മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും; അനുമതി നൽകി യുഎസ് സുപ്രീംകോടതി

വാഷിങ്‌ടൺ: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു എസ് സുപ്രീംകോടതി അനുമതി നൽകി. കുറ്റവാളി കൈമാറ്റ ഉടമ്പടിപ്രകാരം റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം കലിഫോർണിയ കോടതി നേരത്തെ അനുവദിച്ചിരുന്നു. ഇതിനെതിരെ റാണ നൽകിയ അപ്പീൽ തള്ളിയാണ് നിർണായക ഉത്തരവ്. രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാകും റാണയെ കൈമാറ്റം ചെയ്യുക.
ബാല്യകാല സുഹൃത്തും പാക് വംശജനുമായ- അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് ലഷ്കറെ തയ്‌ബയ്ക്കുവേണ്ടി ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 2008 നവംബർ 26ന് ആയിരുന്നു ഭീകരാക്രമണം. 2009 മുതൽ ലൊസാഞ്ചലസിലെ ജയിലിലാണ് റാണ.
താജ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡൻ്റ് ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനസ്, ലിയോപോൾഡ് കഫേ, മുംബൈ ചബാദ് ഹൗസ്, നരിമാൻ ഹൗസ്, മെട്രോ സിനിമ എന്നിവിടങ്ങളിലായിരുന്നു ആക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിൽ ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടു. കടൽ മാർഗം മുംബൈയിലെത്തിയ 10 പാകിസ്ഥാൻ ഭീകരർ 60 മണിക്കൂറിലധികമാണ് മുംബൈയെ മുൾമുനയിൽ നിർത്തിയത്. ഇതേ കേസിൽ പിടിയിലായ പാക്ക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു









0 comments