യുഎസ്‌ ആകാശദുരന്തം: വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്‌ കണ്ടെത്തി

plane crash

photo credit: twitter

വെബ് ഡെസ്ക്

Published on Feb 01, 2025, 01:29 AM | 1 min read

വാഷിങ്‌ടൺ : അമേരിക്കയിൽ 67 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ തകർന്ന അമേരിക്കൻ എയർലൈൻസ് ജെറ്റ്‌ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്‌ കണ്ടെടുത്തു. അത്‌ പരിശോധിച്ച്‌ 30 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട്‌ പുറത്തുവിടുമെന്ന്‌ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്‌റ്റി ബോർഡ്‌ അറിയിച്ചു.

സൈനിക ഹെലികോപ്‌റ്ററുമായി കൂട്ടിയിടിച്ച വിമാനം പൊട്ടോമാക്‌ നദിയിൽ തകർന്നുവീഴുകയായിരുന്നു. നാല്‍പ്പതുപേരുടെ മൃതദേഹം കണ്ടെടുത്തു.

സൈനിക കോപ്‌റ്റർ എങ്ങനെ യാത്രാവിമാനത്തിന്റെ പാതയിലെത്തി എന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്‌. പരിചയസമ്പന്നരായ രണ്ട്‌ പൈലറ്റുമാരാണ്‌ ഹെലികോപ്റ്റർ പറത്തിയതെന്നും അനുവദനീയമായ പരമാവധി ഉയരമായ 200 അടി മറികടന്നിരുന്നോയെന്ന്‌ പരിശോധിക്കുമെന്നും ആർമി ഏവിയേഷൻ ചീഫ് ഓഫ് സ്റ്റാഫ് ജോനാഥൻ കോസിയോൾ പറഞ്ഞു.

അതേസമയം, എയർട്രാഫിക്‌ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പലർക്കും യോഗ്യതയില്ലെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ആരോപിച്ചു. മുൻ പ്രസിഡന്റുമാരുടെ കാലത്ത്‌ യോഗ്യതയില്ലാത്ത പലരേയും നിയമിച്ചു. വിമാനത്തിലുണ്ടായിരുന്നവരായും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും വൈറ്റ്‌ ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ്‌ പറഞ്ഞു.


‘20 മിനിട്ടിൽ ലാൻഡ്‌ ചെയ്യും’

20 മിനുട്ടിൽ ലാൻഡ്‌ ചെയ്യുമെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന്‌ ഭാര്യയെ വിമാനത്താവളത്തിൽനിന്ന്‌ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു ഹമാദ്‌ റാസ. എന്നാൽ, കാത്തിരുന്നത്‌ അപ്രതീക്ഷിത ദുരന്തം. ഹമാദിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ അസ്ര ഹുസൈൻ റാസ സഞ്ചരിച്ച വിമാനമാണ്‌ ഹെലികോപ്ടറുമായി കൂട്ടിയിടിച്ച്‌ യുഎസിൽ തകർന്നുവീണത്‌.

‘‘അതായിരുന്നു അവസാന സന്ദേശം. വിമാനത്താവളത്തിൽ കാത്തിരുന്ന എനിക്ക്‌ മുന്നിലൂടെ ആംബുലൻസുകളും മറ്റ്‌ വാഹനങ്ങളും നിരനിരയായി പോകാൻ തുടങ്ങി. ട്വിറ്ററിൽനിന്നാണ്‌ അസ്ര സഞ്ചരിച്ച വിമാനമാണ്‌ തകർന്നതെന്ന്‌ മനസ്സിലായത്‌’’–- വാർത്തകളിൽ കാണുന്നതുപോലുള്ള ദുരന്തം നേരിട്ട നടുക്കത്തിലാണ്‌ ഹമാദ്‌. ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളായ അസ്ര കൻസാസിൽ പോയി മടങ്ങുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home