എണ്ണവിപണിയിലും യുദ്ധം; വില്പന കൊഴുപ്പിക്കാൻ അമേരിക്ക, തന്ത്രപൂർവ്വം ഇന്ത്യ


എൻ എ ബക്കർ
Published on Jun 22, 2025, 01:02 PM | 2 min read
ന്യൂഡൽഹി: ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കകൂടി നേരിട്ട് പങ്കാളിയായതോടെ ലോക എണ്ണവിപണിയിലും കടുത്ത ആശങ്ക. ക്രൂഡ് ഓയിൽ ഉത്പാദനവും ചരക്ക് നീക്കവും അനിശ്ചിതത്വം നേരിടുന്ന സാഹചര്യമാണ്. അമേരിക്കയ്ക്ക ഇത് വിപണിയിൽ പുതിയ അവസരം തുറക്കുന്നു.
ഇന്ത്യ അമേരിക്കയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചു.
സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യു എ ഇ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള മൊത്തം ഇറക്കുമതിയേക്കാൾ റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നുമാണ് ഇപ്പോൾ എണ്ണ എത്തുന്നത്.
മെയ് മാസത്തിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 1.96 ദശലക്ഷം ബാരൽ (bpd) ആയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാസം 2 80,000 bpd ആയിരുന്നത് ജൂണിൽ 4 39,000 ബാരൽ ആയി വർധിപ്പിച്ചു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇറക്കുമതി മൊത്തം രണ്ട് ദശലക്ഷം ബാരലായി കുറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിയും ഉപഭോഗവും തുടരുന്ന രാജ്യമാണ് ഇന്ത്യ. വിദേശത്ത് നിന്ന് ഏകദേശം 5.1 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വാങ്ങുന്നു. ഇത് ശുദ്ധീകരണശാലകളിൽ പെട്രോൾ, ഡീസൽ പോലുള്ള ഇന്ധനങ്ങളാക്കി വിതരണം ചെയ്യുന്നു.
റഷ്യ ഉക്രൈൻ യുദ്ധവും ഇന്ത്യൻ അവസരവും
മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഒരു ശതമാനത്തിൽ താഴെയായിരുന്നു നേരത്തെ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങിച്ചിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് 40-44 ശതമാനമായി വർദ്ധിച്ചു. ഉക്രൈൻ യുദ്ധത്തോടെ ഉപരോധങ്ങൾ കാരണം റഷ്യൻ എണ്ണ ഗണ്യമായ വിലക്കുറവിൽ ലഭ്യമായിരുന്നതാണ് ഇന്ത്യ പ്രയോജനപ്പെടുത്തിയത്.
മിഡിൽ ഈസ്റ്റ് കൂടി അസ്വസ്ഥമായതോടെ ഇത് വർധിക്കയാണ്. അമേരിക്ക ഈ പുതിയ അവസരം കയറ്റുമതി വർധിപ്പിക്കാനുള്ള യുദ്ധാവസരമായി മാറ്റുന്നു.
ഹോർമുസ് അടച്ചാലും ഇല്ലെങ്കിലും
വടക്ക് ഇറാനും തെക്ക് ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് സൗദി അറേബ്യ, ഇറാൻ, ഇറാഖ്, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ പ്രധാന മാർഗമാണ്. ഖത്തറിൽ നിന്നുള്ള നിരവധി ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതികളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. കടലിടുക്ക് അടയ്ക്കാൻ ഇറാൻ നീങ്ങുന്നതായും വാർത്തകൾ ഉണ്ടായിരുന്നു.
ഖാർഗ് ദ്വീപ് വഴിയുള്ള എണ്ണ കയറ്റുമതി പാതയിൽ ഇറാൻ ഹോർമുസിനെയാണ് ആശ്രയിക്കുന്നത്. അവരുടെ കയറ്റുമതിയുടെ 96 ശതമാനവും ഇതുവഴി തന്നെയാണ്. ഉപരോധം വിപരീതഫലമുണ്ടാക്കാം എന്ന വെല്ലുവിളി ഇറാന് മുന്നിലുണ്ട്. ഇറാൻ പ്രതിദിനം 1.5–2.0 ദശലക്ഷം ബാരൽ (എംഎംപിഡി) ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്തിരുന്ന രാജ്യമാണ്.
ഇറാന്റെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യം ചൈനയാണ്. 47 ശതമാനം അവർ വാങ്ങിക്കുന്നു. യുദ്ധം തുടുരുന്നത് ചൈനയെയും അസ്വസ്ഥമാക്കും.
ഇന്ത്യ എണ്ണയുടെ ഏകദേശം 40% ഉം വാതകത്തിന്റെ പകുതിയും ഹോർമുസ് കടലിടുക്ക് വഴിയാണ് ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയിലേക്കും റഷ്യയിലേക്കും തിരിയുകയാണ് അനിശ്ചിതത്വത്തിന്റെ ഈ സാഹചര്യത്തിൽ.
അതിശയോക്തിപരം എന്നു പറയുമ്പോഴും യുദ്ധ സാഹചര്യത്തിൽ എണ്ണ വില ബാരലിന് നൂറ് ഡോളറിന് മുകളിൽ വരുമെന്ന് വിലയിരുത്തലുകൾ ഉണ്ട്. വില അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് അടുക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ഒരു മാസത്തിനിടെ 20% ഉയർന്ന് 79.04 ഡോളറിലെത്തിയ ബ്രെന്റ് ക്രൂഡ് ഓയിൽ, ബാരലിന് 130 ഡോളറിലേക്ക് ഉയരുമെന്ന് ജെപി മോർഗൻ റിപ്പോർട്ട് വിലയിരുത്തുന്നു.
വില ഏറ്റവും കുറഞ്ഞു നിൽക്കുമ്പോഴും ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ പെട്രോൾ ഡീസൽ വില ഉയരത്തിൽ തന്നെ നിലനിർത്തുകയാണ് ചെയ്തത്.
0 comments