ചുങ്കത്തെ എല്ലാ മാർഗ്ഗത്തിലും എതിർക്കുമെന്ന് ചൈന

വീണ്ടും വിലപേശൽ; ഇന്ത്യയ്ക്ക് മേലുള്ള പ്രതികാര ചുങ്കത്തിന്റെ ഇടവേള നീട്ടി ട്രംപ്

Trade Tariff
വെബ് ഡെസ്ക്

Published on Jul 08, 2025, 02:30 PM | 2 min read

ന്യൂഡൽഹി: അമേരിക്ക ഇന്ത്യയ്ക്കെതിരെ പ്രഖ്യാപിച്ച പ്രതികാര ചുങ്കം താത്ക്കാലികമായി നിർത്തിവച്ച നടപടി ഓഗസ്റ്റ് ഒന്ന് വരെ നീട്ടി. ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം എന്നാണ് വിശദീകരണം.


ഇന്ത്യയ്ക്ക് മേൽ പ്രഖ്യാപിച്ച ചുങ്കത്തിന്റെ മറവിൽ അമേരിക്ക സമ്മർദ്ദം തുടരുകയാണ്. ഇതിന് മറപിടിച്ച് വൻ ആയുധ കരാർ വരെ സ്വന്തമാക്കി. റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിക്കുന്നതിന് വരെ ഉപരോധ ഭീഷണി ഉയർത്തി. റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 500% തീരുവ ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനം.


പ്രതികാര ചുങ്ക കാലാവധിയിൽ ഇളവ് നൽകുന്നത് തീർപ്പുകൽപ്പിക്കാത്ത പ്രശ്നങ്ങളിൽ  പരിഹാരം കാണുന്നതിനായാണ് എന്ന് പറയുന്നു. ചർച്ചകൾക്ക് ശേഷം വ്യാപാര സെക്രട്ടറി ഉൾപ്പെടെ ഇന്ത്യൻ സംഘം വെള്ളിയാഴ്ച അമേരിക്കയിൽ നിന്നും മടങ്ങി. വിലപേശലുകൾക്ക് ഇടയിൽ ലഭിച്ചിരിക്കുന്ന ഇടവേള കയറ്റുമതിക്കാർക്ക് ആശ്വാസം നൽകുന്നതാണ്.

 

യുഎസുമായി വ്യാപാര കരാറിൽ ചർച്ച നടത്തുന്ന സാഹചര്യത്തിൽ ട്രംപ് ഭരണകൂടം ഇന്ത്യയെ പുതിയ ചുങ്കം പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ചയാണ് പ്രതികാര ചുങ്കത്തിന്റെ പുതുക്കിയ പട്ടിക പ്രസിദ്ധപ്പെടുത്തിയത്. ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും 500 ബില്യൺ ഡോളറിലെത്തും എന്നാണ് കണക്ക് കൂട്ടൽ.


ഏപ്രിൽ രണ്ടിനാണ് യുഎസ് പ്രസിഡന്റ് ഇന്ത്യയ്ക്ക് മേലുള്ള 26 ശതമാനം ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കെതിരെ പ്രതികാര താരിഫ് പ്രഖ്യാപിച്ചത്. പിന്നീട് ഇത് 90 ദിവസത്തേക്ക് നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. വിലപേശലിനും വ്യാപാര കരാറിലെത്താനും ജൂലൈ 9 വരെ ഇടവേള നൽകി.





ലോക രാജ്യങ്ങൾക്ക് നേരെ വീണ്ടും ഭീഷണി


പ്രതികാര ചുങ്കം വർധിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങൾക്ക് മേൽ പ്രഖ്യാപിച്ച അന്തിമ തീയതി ജൂലൈ 9 മുതൽ ഓഗസ്റ്റ് 1 വരെ നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.


ബംഗ്ലാദേശ്, ജപ്പാൻ എന്നിവയുൾപ്പെടെ 14 രാജ്യങ്ങളുടെ താരിഫ് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ചില രാജ്യങ്ങളിൽ 25% നികുതി ചുമത്തിയിട്ടുണ്ട്, ചിലതിൽ 30% മുതൽ 40% വരെ പ്രതികാര തീരുവ ഉയർത്തി.


മ്യാൻമറിനും ലാവോസിനും 40% എന്ന ഏറ്റവും ഉയർന്ന താരിഫ് ചുമത്തി. തായ്‌ലൻഡും കംബോഡിയയും 36% നൽകേണ്ടിവരും. ബംഗ്ലാദേശിനും സെർബിയയ്ക്കും 35% ആണ്. ഇന്തോനേഷ്യയ്ക്കും 32% ശതമാനം. ദക്ഷിണാഫ്രിക്കയ്ക്കും ബോസ്നിയയ്ക്കും ഹെർസഗോവിനയ്ക്കും 30% എന്നിങ്ങനെ ഉയർന്ന തുകയാണ്.


ബ്രിക്‌സിലെ മുൻനിര രാജ്യമായ ചൈന ട്രംപിന്റെ താരിഫ് മുന്നറിയിപ്പിനെ ശക്തമായി എതിർത്തു. ഏത് തരത്തിലുള്ള താരിഫിനെയും വ്യാപാര യുദ്ധത്തെയും ചൈന എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. താരിഫ് ചുമത്തുന്നതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നതോ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നതോ എല്ലാ തലങ്ങളിലും എതിർക്കപ്പെടും എന്നും വ്യക്തമാക്കി.


ഇന്ത്യ യു എസ് വ്യാപാരം


2021-22 മുതൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക മാറി. 2024-25 ലെ ഉഭയകക്ഷി വ്യാപാര കണക്കുകൾ 131.84 ബില്യൺ ഡോളറിലെത്തി. ഇതിൽ 86.51 ബില്യൺ ഡോളർ കയറ്റുമതിയും 45.33 ബില്യൺ ഡോളർ ഇറക്കുമതിയും ഉൾപ്പെടുന്നു. അതിന്റെ ഫലമായി 41.18 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചമുണ്ടായി.


ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-മെയ് കാലയളവിൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 21.78 ശതമാനം വർദ്ധിച്ച് 17.25 ബില്യൺ ഡോളറിലെത്തി. അതുപോലെ, ഇറക്കുമതി 25.8 ശതമാനം വർധിച്ച് 8.87 ബില്യൺ ഡോളറായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സേവന വ്യാപാരം 2018 ൽ 54.1 ബില്യൺ ഡോളറിൽ നിന്ന് 2024 ൽ ഏകദേശം 70.5 ബില്യൺ ഡോളറായി വളർന്നു.



deshabhimani section

Related News

View More
0 comments
Sort by

Home