ഇറാനെതിരെ വീണ്ടും ഉപരോധം; ആണവ പദ്ധതി തുടരുമെന്ന് പ്രഖ്യാപിച്ച് ടെഹ്റാൻ

Iran nuclear project
വെബ് ഡെസ്ക്

Published on Sep 27, 2025, 02:33 PM | 2 min read

ടെഹ്റാൻ: ആണവ പദ്ധതി വീണ്ടും നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇറാൻ ശനിയാഴ്ച ഫ്രാൻസ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലെ തങ്ങളുടെ അംബാസഡർമാരെ തിരിച്ചുവിളിച്ചു.


ലോകശക്തികളുടെ ഉപരോധ ഭീഷണികളെയും സമ്മർദ്ദതന്ത്രങ്ങളെയും അവഗണിച്ച് സമാധാനപരമായ ആണവ പരിപാടി തുടരുമെന്ന് വ്യക്തമാക്കി രാജ്യത്തെ ആണവോർജ്ജ സംഘടനയുടെ തലവൻ മുഹമ്മദ് എസ്ലാമി പ്രസ്താവനയിറക്കി. വിദേശ സമ്മർദ്ദങ്ങൾ തങ്ങളുടെ ആണവ പദ്ധതിയെ തടസ്സപ്പെടുത്താനാവില്ലെന്ന് പ്രഖ്യാപിച്ചു.


ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പുനരാരംഭിച്ചതോടെയാണ് ഇറാൻ നിലപാട് കടുപ്പിച്ചത്. ആണവ പരിശോധനകളിലെ സഹകരണം നിർത്തിവയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് എസ്ലാമിയുടെ പ്രസ്താവനയും വരുന്നത്.


അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായി സഹകരിക്കാത്തതിനാലും അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടത്താത്തതിനാലും എന്ന വിശേഷണത്തോടെ ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങൾ ഞായറാഴ്ച വീണ്ടും നിലവിൽ വരും. റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധ നീക്കങ്ങളെ എതിർക്കുന്നുണ്ട്.


ഉപരോധത്തോടെ വിദേശത്തുള്ള ഇറാനിയൻ ആസ്തികൾ വീണ്ടും മരവിപ്പിക്കുകയും ടെഹ്‌റാനുമായുള്ള ആയുധ ഇടപാടുകൾ നിർത്തുകയും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ വികസനത്തിന് സഹായിക്കുന്നവർക്ക് പിഴ ചുമത്തുകയും ചെയ്യും.


2015 ൽ ആരംഭിച്ച ഉപരോധമാണ് ഇറാനെതിരെ പുനരാരംഭിക്കുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ചേർന്ന് സ്നാപ് ബാക്ക് പ്രഖ്യാപിച്ചിരിക്കയാണ്. 2015- ലാണ് ഇറാൻ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന, ജർമ്മനി (P5+1) എന്നിവരുടെ ഇടയിൽ Joint Comprehensive Plan of Action (JCPOA) അഥവാ ഇറാൻ ആണവകരാർ ഒപ്പുവച്ചത്.


കരാർ പ്രകാരം, ഇറാൻ തന്റെ ആണവ പരിപാടിയിൽ നിയന്ത്രണം വരുത്തിയാൽ അവർക്ക് മേൽ ചുമത്തിയ അന്താരാഷ്ട്ര ഉപരോധങ്ങളും എടുത്തുകളയുക എന്ന നിലപാടായിരുന്നു. ഇറാൻ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഏതെങ്കിലും പങ്കാളി രാജ്യം ആരോപിച്ചാൽ ഈ കരാർ പൊളിയും എന്നായിരുന്നു നിബന്ധന. സുരക്ഷാ സമിതിയിൽ വേറൊരു പ്രമേയം പാസാക്കേണ്ടതില്ലാതെ ഇത് സാധ്യമാവും എന്നും ഉപാധി ഉണ്ടായിരുന്നു. ഇതോടെ മുൻപ് എടുത്തുകളഞ്ഞിരുന്ന എല്ലാ UN ഉപരോധങ്ങളും “സ്വയം” വീണ്ടും നിലവിൽ വരും.


യുഎൻ സുരക്ഷാ കൗൺസിലിൽ വീറ്റോ പ്രൂഫ് ആകുന്നതിനാണ് സ്നാപ്പ്ബാക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതായത് ചൈനയ്ക്കും റഷ്യയ്ക്കും ഒറ്റയ്ക്ക് ഉപരോധം തടയാൻ കഴിയില്ല. കാരണം അവർക്ക് മുമ്പ് ടെഹ്‌റാനെതിരെ മറ്റ് നിർദ്ദിഷ്ട നടപടികൾ പ്രഖ്യാപിക്കപ്പെട്ടതായിട്ടുണ്ട്. 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച് നശിപ്പിച്ചിരുന്നു.


Iran nuclear project


റഷ്യൻ എണ്ണ വാങ്ങാൻ തടസമുണ്ടെങ്കിൽ ഇറാനിൽ നിന്നോ വെനിസ്വേലയിൽ നിന്നോ എണ്ണ വാങ്ങിക്കാം എന്ന നിലപാട് ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു. ഇത് ഉപരോധത്തോടെ പൂർണ്ണമായും തടയപ്പെടും. ഇറാൻ നേരത്തെ തന്നെ അമേരിക്കയുടെ ഉപരോധം നേരിടുന്നുണ്ട്. റഷ്യ, ഇറാൻ, വെനിസ്വേല എന്നീ രാജ്യങ്ങൾ ഒരുമിച്ച് ഉപരോധത്തിലാവുന്നത് ആഗോള വിപണിയിൽ എണ്ണ വില കുതിക്കാൻ കാരണമാക്കും എന്ന് വിലയിരുത്തലുകളുണ്ട്.


ഇറാൻ മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ആരോപിച്ചിരുന്നു. ഇസ്രായേലിനെ നശിപ്പിക്കാൻ മാത്രമല്ല, അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്താൻ രൂപകൽപ്പന ചെയ്ത ഒരു വലിയ ആണവായുധ പദ്ധതി ടെഹ്‌റാൻ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. 


ഉപരോധം മറ്റൊരു ക്ഷാമത്തിലേക്ക് നയിക്കുമോ


ഇറാന്റെ റിയാലിന്റെ മൂല്യം ഇതിനകം തന്നെ റെക്കോർഡ് താഴ്ചയിലാണ്. ഇത് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ദൈനംദിന ജീവിതം കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുകയും ചെയ്യുന്നു.


ഇറാൻ സർക്കാർ ജൂണിൽ മൊത്തത്തിലുള്ള വാർഷിക പണപ്പെരുപ്പം 34.5 ശതമാനമാണെന്ന് പറഞ്ഞു, അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില അതേ കാലയളവിൽ 50 ശതമാനത്തിലധികം ഉയർന്നതായി അതിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ റിപ്പോർട്ട് ചെയ്തു. അരി വില 80 ശതമാനം വരെ ഉയർന്നതായാണ് റിപ്പോർടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Home