റഷ്യ–-ഉക്രയ്‌ൻ യുദ്ധത്തിൽ വഴിത്തിരിവ്: 30 ദിവസത്തെ വെടിനിർത്തലിന് സമ്മതമറിയിച്ച് ഉക്രയ്‌ൻ

ജിദ്ദ : റഷ്യയുമായുള്ള യുദ്ധത്തിൽ 30 ദിവസത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് ഉക്രയ്‌ൻ. ചൊവ്വാഴ്‌ച അമേരിക്കയുമായുള്ള സംയുക്ത പ്രസ്‌താവനയിലാണ് ഉക്രയ്‌ൻ വെടിനിർത്തലിന് സമ്മതമറിയിച്ചതെന്നാണ് വിവരം. റഷ്യയിലേക്ക് ഉക്രയ്‌ൻ 337 ഡ്രോണുകൾ തൊടുതത്ത് ആക്രമണം കടുപ്പിച്ചതിന് പിന്നാലെ സൗദി അറേബ്യയിലെ ജിദ്ദയിൽ അമേരിക്കയുമായി നടത്തിയ ചർച്ചയിലാണ് വെടിനിർത്തലിന് സമ്മതം അറിയിച്ചത്.
വെടിനിർത്തൽ കരാർ മോസ്‌കോയിലെ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ‘വെടിനിർത്തൽ പ്രഖ്യാപിച്ച ഉക്രയ്‌ൻ ചർച്ചയ്‌ക്ക് തയ്യാറാണ്. ഇനി തീരുമാനമെടുക്കേണ്ടത് റഷ്യയാണ്. പന്ത് ഇപ്പോൾ റഷ്യയുടെ കോർട്ടിലാണ്’–- ജിദ്ദയിൽ നടത്തിയ പത്രസമ്മേളനത്തിൽ റൂബിയോ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഈ ആഴ്‌ച അവസാനം മോസ്‌കോയിലേക്ക് പോകുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലോദിമിർ പുടിനുമായി കൂടിക്കാഴ്‌ച നടത്തുമെന്നും വിവരമുണ്ട്. യുദ്ധം തുടരുന്ന പശ്‌ചാത്തലത്തിൽ ഉക്രയ്‌നുള്ള സൈനിക സഹായവും രഹസ്യാന്വേഷണ പങ്കിടലും താൽക്കാലികമായി നിർത്തുമെന്ന് ട്രംപ് ഭരണകൂടം ഭീഷണിമുഴക്കിയതിന് പിന്നാലെയാണ് വെടിനിർത്തൽ പ്രഖ്യാപനം.
സൗദി അറേബ്യയിൽ അമേരിക്കയുമായി ചർച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പും റഷ്യയിലേക്ക് ഡ്രോൺ ആക്രമണം നടത്തി ഉക്രയ്‌ൻ പ്രകോപനം സൃഷ്‌ടിച്ചു. ഉക്രയ്‌ൻ ആക്രമണത്തിൽ ചൊവ്വാഴ്ച രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളടക്കം 18 പേർക്ക് പരിക്ക്. റഷ്യയുടെ പത്ത് മേഖലകളിലേക്കാണ് വ്യാപക ആക്രമണം നടത്തിയത്.









0 comments