പലസ്‌തീനെ അംഗീകരിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ

PHOTO CREDIT: X
ലണ്ടൻ: ഇസ്രയേലിന്റെയും അമേരിക്കയുടെയും ശക്തമായ എതിർപ്പ് അവഗണിച്ച് പലസ്‌തീനെ സ്വതന്ത്ര പരമാധകാര രാഷ്‌ട്രമായി ഒൗദ്യോഗികമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും. ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാനുള്ള ആക്രമണം ഇസ്രയേൽ ശക്തമാക്കിയിരിക്കെയാണ് ഇൗ രാഷ്‌ട്രങ്ങളുടെ നിലപാട് പ്രഖ്യാപനം. ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തിനു മുന്നോടിയായി 10 രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇതിന്റെ ഭാഗമായാണ് മൂന്നു രാജ്യങ്ങളുടെ പ്രഖ്യാപനം. ചൊവ്വാഴ്‌ച പൊതുസഭക്ക് തുടക്കമാകും.
കാനഡ പ്രധാനമന്ത്രി മാർക് കാർണിയാണ് പലസ്‌തീനെ സ്വതന്ത്രരാഷ്‌ട്രമായി അംഗീകരിക്കുന്നതായി ആദ്യം ഒൗദ്യോഗികമായി അറിയിച്ചത്. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി അൽബനീസും പലസ്‌തീനെ അംഗീകരിക്കുന്നതായി പ്രസ്‌താവനയിറക്കി. യുകെ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമർ വീഡിയോ സന്ദേശത്തിലൂടെയാണ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ അംഗീകരിച്ചില്ലെങ്കിൽ സെപ്തംബറിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ജൂലൈയിൽ ബ്രിട്ടൻ അറിയിച്ചിരുന്നു. പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗാസയിലേത് സമാനതകളില്ലാത്ത ദുരന്തം: സ്‌റ്റാർമർ
ഗാസയിലെ നാശവും മനുഷ്യരുടെ ദുരിതവും സമാനതകളില്ലാത്തതാണെന്ന് യുകെ പ്രാധനമന്ത്രി കെയ്‌ർ സ്‌റ്റാർമർ പറഞ്ഞു. ഭക്ഷണത്തിനും വെള്ളത്തിനും കാത്തുനിൽക്കുന്നവരുൾപ്പെടെ പതിനായിരങ്ങളാണ് മരിച്ചുവീണത്. അതിർത്തിയിലെ നിയന്ത്രണങ്ങൾ നീക്കണം. ക്രൂരമായ തന്ത്രങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിൻമാറണം.
സമാധാനത്തിലേക്കുള്ള പാതയെ പിന്തുണയ്ക്കുന്നതിനും ഇസ്രയേലി, പലസ്തീൻ ജനതയുടെ തുല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമായി, സഖ്യകക്ഷികളായ കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പം സ്വീകരിച്ച ചരിത്രപരമായ ചുവടുവയ്‌പ്പാണിത്. സമാധാനത്തിനായുള്ള ഇൗ ശ്രമം ഗാസയിലെ ഇസ്രയേൽകാരായ ബന്ദികളുടെ മോചനംകൂടി ലക്ഷ്യമിട്ടുള്ളതാണ്. പലസ്‌തീനെ അംഗീകരിക്കുന്ന 150ഓളം രാജ്യങ്ങളോടൊപ്പമാണ് ഞങ്ങൾ ചേരുന്നത്. ഇസ്രയേലിലെയും പലസ്‌തീനിലെയും മനുഷ്യരുടെ മെച്ചപ്പെട്ട ഭാവിക്കായാണ് ഇൗ നീക്കമെന്നും സ്‌റ്റാർമർ പറഞ്ഞു.
യുകെ അടക്കമുള്ള രാജ്യങ്ങളുടെ നീക്കം ഹമാസിനുള്ള അംഗീകാരമാണെന്ന് ഇസ്രയേൽ വിദേശ മന്ത്രാലയം പ്രതികരിച്ചു. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന ആവശ്യത്തിൽ വിയോജിപ്പുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. ബ്രിട്ടനിൽ കെയ്‌ർ സ്റ്റാർമറുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിനിടെയായിരുന്നു ട്രംപ് തുറന്നടിച്ചത്.









0 comments