ചൈനയിൽ റഗാസ കൊടുങ്കാറ്റ് തീരംതൊട്ടു: തായ്‌വാനിൽ 15 പേർ മരിച്ചു, ഫിലിപ്പീൻസിൽ 9 മരണം

PHOTO CREDIT: X
തായ്പേയ്: ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. തായ്‌വാനിൽ റഗാസയെ തുടർന്നുണ്ടായ പേരിയിൽ 15 മരണം. 46 പേർക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ച പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് റഗാസ. തിങ്കളാഴ്ചയോടെ അത് കാറ്റഗറി 5 സൂപ്പർ ടൈഫൂണായി മാറി. മണിക്കൂറിൽ 260 കിലോമീറ്റർ (162 മൈൽ) വേഗതയിൽ കാറ്റ് വീശിയടിച്ചു. തിങ്കളാഴ്ച ഫിലിപ്പീൻസിൽ തീരംതൊട്ട ചുഴലിക്കാറ്റ് തായ്‌വാൻ, ഹോങ്കോംഗ്, ചൈന എന്നിവിടങ്ങളിലേക്ക് നീങ്ങി.
ബുധനാഴ്ച സൂപ്പർ ചുഴലിക്കാറ്റിൽ നിന്നും റഗാസ തീവ്ര ചുഴലിക്കാറ്റായി മാറി. ഇന്നോടെ കൊടുങ്കാറ്റ് തെക്കൻ ചൈനീസ് തീരത്ത് വിയറ്റ്നാമിലേക്ക് നീങ്ങി. വ്യാഴാഴ്ച രാവിലെ വരെ കൊടുങ്കാറ്റിൽ കുറഞ്ഞത് 15 പേർ മരിച്ചതായി തായ്‌വാനിലെ ദേശീയ അഗ്നിശമന ഏജൻസി റിപ്പോർട്ട് ചെയ്തു. എല്ലാവരും ഹുവാലിയൻ കൗണ്ടിയിൽ നിന്നുള്ളവരാണ്. 31 പേരെ കാണാതായി.
അതേസമയം, കടുത്ത ഉഷ്ണമേഖലാ കൊടുങ്കാറ്റായ ബുവലോയിയെ (പ്രാദേശികമായി ഒപോംഗ് എന്നറിയപ്പെടുന്നു) നേരിടാൻ ഒരുങ്ങുകയാണ് ഫിലിപ്പീൻസ്. നിരവധി വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തതായി പിഎൻഎ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും 2.5 ദശലക്ഷം കുടുംബത്തിന് ആവശ്യമായ ഭക്ഷണ പായ്ക്കുകളും മറ്റ് ഭക്ഷ്യേതര വസ്തുക്കളും ഉൾപ്പെടുന്ന സ്റ്റാൻഡ്‌ബൈ ഫണ്ടുകളും സ്റ്റോക്കുകളും മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് രാജ്യത്തെ സാമൂഹിക ക്ഷേമ വികസന വകുപ്പ് അറിയിച്ചു.
കനത്ത മഴയിൽ ഗ്വാങ്ഫു ടൗൺഷിപ്പിന് മുകളിലുള്ള പർവതനിരകളിലെ ഒരു തടാകം കരകവിഞ്ഞതോടെ പ്രദേശത്ത് 300 പേർ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് തായ്‌വാനിലെ സെൻട്രൽ എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. വെള്ളപ്പൊക്കം കാരണം വൈദ്യസഹായം ലഭിക്കാതെ രണ്ട് രോഗികൾ മരിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോങ്കോംഗ് വിമാനത്താവളത്തിൽ നേരിയ തടസ്സങ്ങൾ നേരിട്ടിരുന്നു. 1,000 വിമാന സർവീസുകൾക്കാണ് തടസം നേരിട്ടത്. ഇത് അധികൃതർ പരിഹരിച്ചതോടെ ഹോങ്കോംഗ് പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. മെട്രോ റെയിൽ സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം നിർത്തിവച്ചു. സ്കൂളുകക്ക് അവധി പ്രഖ്യാപിച്ചു.









0 comments