ബുവലോയ് ചുഴലിക്കാറ്റ്; വിയറ്റ്നാമിൽ 12 മരണം; 17 പേരെ കാണാതായി

PHOTO CREDIT: X
ഹാനോയ് : ബുവലോയ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ വിയറ്റ്നാമിൽ 12 പേർ മരിച്ചു. 17 പേരെ കാണാതായി. നാൽപ്പതോളം പേർക്ക് വിവധ അപകടങ്ങളിലായി പരിക്കേറ്റു. നിരവധി വീടുകൾക്ക് കേടുപാടുണ്ടായതായും റോഡുകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായതായും വിയറ്റ്നാം മീഡിയ റിപ്പോർട്ട് ചെയ്തു. ബുവലോയ് ചുഴലിക്കാറ്റ് കര തൊട്ടതോടെ വിയറ്റ്നാമിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. എട്ട് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതായി ദേശീയ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ചുഴലിക്കാറ്റ് ദുർബലമായി ഉഷ്ണമേഖലാ കൊടുങ്കാറ്റായി ലാവോസിലേക്ക് നീങ്ങി. മഴയിലും വെള്ളപ്പൊക്കത്തിലും പ്രവിശ്യയിലെ പാലങ്ങളും റോഡുകളും ഒലിച്ചുപോയി. ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. വാഹനങ്ങൾ വെള്ളക്കെട്ടിൽ മുങ്ങിപ്പോയി. 17 മത്സ്യത്തൊഴിലാളികളെ കാണാതായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.
വിയറ്റ്നാം മാധ്യമങ്ങൾ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച ചിത്രം
ഹ്യൂ നഗരത്തിലെയും തനാ ഹോയിലെയും നിൻ ബിൻ പ്രവിശ്യയിലെയും വീടുകൾ ചുഴലിക്കാറ്റിൽ തകർന്നു. ഗിയ ലായി പ്രവിശ്യയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ എട്ട് മത്സ്യത്തൊഴിലാളികളെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷം 347,000-ത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
ശക്തമായ കാറ്റിൽ ദേശീയപാതയിലെ ഇരുമ്പ് മേൽക്കൂരകളും കോൺക്രീറ്റ് തൂണുകളും തകർന്നു. ഡോങ് ഹോയിയിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ (28 മൈൽ) അകലെയുള്ള ഫോങ് നാ കമ്മ്യൂണിൽ കാറ്റും ശക്തമായ മഴയും അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു. വടക്കൻ, മധ്യ മേഖലകളിലെ മത്സ്യബന്ധനം നിർത്തിവയ്ക്കുകയും പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. തീരദേശ നഗരമായ ഡാ നാങിൽ 210,000-ത്തിലധികം ആളുകളെയും വടക്കുള്ള ഹ്യൂവിൽ നിന്ന് 32,000-ത്തിലധികം തീരദേശ നിവാസികളെയും സുരക്ഷിത സ്ഥാനത്തേക് മാറ്റിപ്പാർപ്പിക്കും.

ഞായറാഴ്ച വിയറ്റ്നാമിന്റെ മധ്യ, വടക്കൻ പ്രവിശ്യകളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. വിമാനത്താവളങ്ങൾ എല്ലാം അടച്ചു. വടക്കൻ തീരദേശ പ്രവിശ്യയായ ഹാ ടിൻഹിലാണ് കൊടുങ്കാറ്റ് കര തൊട്ടത്. ഡാനാങ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ നാല് തീരദേശ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായും നിരവധി വിമാന സർവീസുകൾ പുനഃക്രമീകരിച്ചതായും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ശനിയാഴ്ച രാത്രി മുതൽ വിയറ്റ്നാമിലെ മധ്യ പ്രവിശ്യകളിൽ കനത്ത മഴ പെയ്തു.
ഒരു ആഴ്ചയ്ക്കുള്ളിൽ ഏഷ്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമാത്തെ വലിയ കൊടുങ്കാറ്റാണ് ബുവാലോയ്. വർഷങ്ങളായി ഉണ്ടായതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നായ റഗാസ, വടക്കൻ ഫിലിപ്പീൻസിലും തായ്‌വാനിലും 28 പേരുടെ മരണത്തിനിടയാക്കി. തുടർന്ന് ചൈനയിൽ കര തൊട്ട റഗാസ വ്യാഴാഴ്ച വിയറ്റ്നാമിലാണ് ദുർബലമായത്.









0 comments