ഹൂതി വിമതരെ വീണ്ടും ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രംപ്

വാഷിങ്ടൻ: യെമനിലെ ഹൂതി വിമതരെ വീണ്ടും ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രംപ് ഭരണകൂടം. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ദേശീയ ഇൻ്റലിജൻസ് ഡയറക്ടറുമായും ട്രഷറി സെക്രട്ടറിയുമായും കൂടിയാലോചിച്ച് 30 ദിവസത്തിനകം ഇക്കാര്യം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോക്ക് ട്രംപ് നിർദേശം നൽകി. ശേഷം 15 ദിവസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലയളവിലും ഹൂതികളെ വിദേശ ഭീകര സംഘടനയായും സ്പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ് (എസ്ഡിജിടി) പട്ടകയിലും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ജോ ബൈഡന്‍ അധികാരത്തിൽ വന്ന് ആഴ്ചകൾക്കകം ഈ നിലപാട് തിരുത്തി. യെമനിലെ നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഹൂതികളുടെ കൈവശമാണ്. മാനുഷിക പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇവരുമായി നിരന്തരം ആശയവിനിമയം നടത്തേണ്ടിവരും. ഇത് ചൂണ്ടിക്കാട്ടിയുള്ള മനുഷ്യാവകാശ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു ബൈഡന്റെ നീക്കം. എന്നാൽ പിന്നീട് ചെങ്കടലിലെ കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ എസ്ഡിജിടി പട്ടികയിൽ ബൈഡൻ ഹൂതികളെ ഉൾപ്പെടുത്തിയിരുന്നു.
ബൈഡൻ്റെ ദുർബലമായ നയം യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകളെയും വാണിജ്യ കപ്പലുകളെയും അമേരിക്കയോട് അടുത്തു നിൽക്കുന്ന രാജ്യങ്ങളെയും ആക്രമിക്കുന്നതിനും കാരണമായെന്നും ഹൂതികളുടെ ഇത്തരം പ്രവർത്തികളെ ചെറുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ട്രംപിന്റെ ഇടപെടലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. വിമത സംഘടനയോട് അനുകൂല നിലപാട് പുലർത്തുന്നതോ അവർക്ക് ധനസഹായം നൽകുന്നതോ ആയ സ്ഥാപനങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റിനോട് ട്രംപിൻ്റെ ഉത്തരവ് നിർദ്ദേശിക്കുന്നു.
Related News

0 comments