രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് അനുയോജ്യയല്ല ; റോസി ഒ ഡോണലിന്റെ പൗരത്വം റദ്ദാക്കുമെന്ന് ട്രംപ്

വാഷിങ്ടൺ : നടിയും ടോക്ക് ഷോ അവതാരകയുമായ റോസി ഒ ഡോണലിന്റെ പൗരത്വം റദ്ദാക്കുമെന്ന് ഭീഷണിയുമായി ട്രംപ്. ടെക്സസിലുണ്ടായ വെള്ളപ്പൊക്കത്തിനു പിന്നാലെ ട്രംപ് ഭരണകൂടം പ്രളയം കൈകാര്യം ചെയ്ത രീതിയെയും കാലാവസ്ഥ പ്രവചന ഏജൻസികളെയും റോസി ഒ ഡോണൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോസിയുടെ പൗരത്വം റദ്ദാക്കുമെന്ന ഭീഷണിയുമായി ട്രംപ് എത്തിയത്.
അമേരിക്കയുടെ താൽപര്യങ്ങൾക്ക് അനുയോജ്യയല്ല റോസി എന്നും അതിനാൽ അവരെ പുറത്താക്കുന്നതിനെപ്പറ്റി കാര്യമായി ആലോചിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ടെക്സസിലുണ്ടായ പ്രളയത്തിൽ നിരവധിപേർ മരിച്ചതിനു പിന്നാലെ വലിയ പ്രകൃതി ദുരന്തങ്ങൾ പ്രവചിക്കുന്ന പരിസ്ഥിതി, ശാസ്ത്ര ഏജൻസികൾക്ക് ട്രംപ് ഭരണകൂടം ഫണ്ട് വെട്ടിക്കുറച്ചതിനെ വിമർശിച്ച് റോസി വീഡിയോ പങ്കുവച്ചിരുന്നു. ഇതിനു പ്രതികരണമായിട്ടാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതാദ്യമായല്ല പരസ്യമായി വിയോജിപ്പുള്ള ആളുകളുടെ പൗരത്വം റദ്ദാക്കുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തുന്നത്.
നേരത്തെ, ട്രംപുമായി ഇടഞ്ഞ ടെസ്‍ല മേധാവി ഇലോൺ മസ്കിന്റെ പൗരത്വവും റദ്ദാക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസിൽ ജനിച്ചവർക്ക് യുഎസ് പൗരത്വം ഭരണഘടനാപരമായ അവകാശമാണ്. ഇതു റദ്ദാക്കാൻ യുഎസ് പ്രസിഡന്റിനു പോലും അവകാശമില്ലെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് ട്രംപിന്റെ പരസ്യ ഭീഷണി.









0 comments