കാത്തിരിക്കുന്നത് ഉയർന്ന നികുതികളും ഉപരോധങ്ങളും: ചൈനയ്ക്കു പിന്നാലെ റഷ്യയ്‌ക്കും ട്രംപിന്റെ ഭീഷണി

photo credit: X
വാഷിങ്‌ടൺ: ചൈനയ്ക്കു പിന്നാലെ റഷ്യയ്‌ക്കും ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യ "ഉയർന്ന നികുതികളും താരിഫുകളും ഉപരോധങ്ങളും" നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ ഭീഷണി. അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് യുദ്ധം അവസാനിപ്പിക്കുമെന്ന തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രംപിന്റെ പോസ്റ്റ്.
"ഇത് കൂടുതൽ വഷളാകാൻ പോകുന്നു. ഞങ്ങൾ ഒരു 'ഡീൽ' ഉണ്ടാക്കിയില്ലെങ്കിൽ, താമസിയാതെ, റഷ്യ അമേരിക്കയ്ക്കും മറ്റ് പങ്കാളിത്ത രാജ്യങ്ങൾക്കും വിൽക്കുന്ന എന്തിനും ഉയർന്ന തലത്തിലുള്ള നികുതികളും താരിഫുകളും ഉപരോധങ്ങളും ഏർപ്പെടുത്തുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല" എന്നായിരുന്നു ട്രംപിന്റെ ഭീഷണി.
റഷ്യയുടെ ഡെപ്യൂട്ടി യുഎൻ അംബാസഡർ ദിമിത്രി പോളിയാൻസ്‌കി ട്രംപിന്റെ ഭീഷണിയോട് പ്രതികരിച്ചു, “ഡീൽ” എന്നതുകൊണ്ട് ട്രംപ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സംഘർഷം പരിഹരിക്കുന്നതിനായി അതിന്റെ മൂലകാരണങ്ങളെ മനസിലാക്കേണ്ടതുണ്ടെന്നും അത് 2014 മുതൽ ഉക്രെയ്നിൽ യുഎസ് നടപ്പാക്കുന്ന നയങ്ങളാണെന്നും പോളിയാൻസ്കി പറഞ്ഞു.
ചൈനയുടെ ഉത്‌പന്നങ്ങൾക്ക് ഫെബ്രുവരി മുതൽ 10 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുന്നത് പരിഗണിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. അതിമാരക മയക്കുമരുന്ന് മെക്‌സിക്കോയും കാനഡയും വഴി ചൈന അമേരിക്കയിൽ എത്തിക്കുന്നു എന്നാരോപിച്ചാണ് ട്രംപിന്റെ പ്രകോപനം. മെക്‌സിക്കോയ്‌ക്കും കാനഡയ്‌ക്കും 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യം അധികാരത്തിലെത്തിയ കാലഘട്ടത്തില്‍ ട്രംപ് ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് മുപ്പതിനായിരം കോടി ഡോളർ നികുതി ചുമത്തി. പിന്നാലെ അധികാരത്തിലെത്തിയ ബൈഡൻ അധിക ചുങ്കം നിലനിർത്തി. കൂടാതെ ചൈനയിൽനിന്നുള്ള ഇലക്‌ട്രിക് വാഹനങ്ങൾ, സൗരോര്‍ജ ബാറ്ററികൾ, അര്‍ധചാലകം എന്നിവയ്‌ക്കും അധികനികുതി ചുമത്തി. ഇതുകൂടാതെയാണ് വീണ്ടും നികുതികൂട്ടുമെന്ന പ്രഖ്യാപനം.
നികുതി ചുമത്തി വരുതിയിലാക്കാനുള്ള ട്രംപിന്റെ നീക്കത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് കാനഡ പറഞ്ഞിരുന്നു. അമേരിക്കയ്‌ക്ക് എണ്ണയും നിർണായക ധാതുക്കളും നല്‍കുന്നത് കാനഡയാണ്. ഇവയ്‌ക്ക് നികുതി ഉയര്‍ത്തുന്നത് അമേരിക്കയ്‌ക്ക് ബുദ്ധിമുട്ടാകും. അമേരിക്കന്‍ മദ്യം വിറ്റഴിക്കില്ലെന്ന് കാനഡ തീരുമാനിച്ചാലും ട്രംപിന് തിരിച്ചടിയാകും. അതേസമയം, നികുതിയുദ്ധം രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുമെന്നും നിക്ഷേപം ശോഷിപ്പിക്കുമെന്നും വിതരണശൃംഖലയെ അപ്പാടെ തകർക്കുമെന്നും ലോക സാമ്പത്തികഫോറം മുന്നറിയിപ്പ് നല‍്കി.









0 comments