യുദ്ധവിരാമം കാത്ത് ലോകം
സെലൻസ്കി കൂടിക്കാഴ്ചയിൽ നാറ്റോ പ്രവേശനവും ക്രിമിയയും വിഷയമാവില്ലെന്ന് ട്രംപ്

വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ 2014 ൽ റഷ്യ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രിമിയ വിട്ടുനൽകണമെന്ന ആവശ്യം ഉന്നയിക്കില്ലെന്ന സൂചനയുമായി ഡൊണൾഡ് ട്രംപ്. തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലാണ് ഇക്കാര്യം പറഞ്ഞത്. നാറ്റോ പ്രവേശനം ചർച്ചയ്ക്കെടുക്കില്ലെന്നും സൂചിപ്പിച്ചു.
ചർച്ചകളുടെ ഭാഗമായി സെലെൻസ്‌കി യുഎസിലെത്തി. തിങ്കളാഴ്ച ഇന്ത്യൻ സമയം രാത്രി 10.45 നാണ് വൈറ്റ്ഹൗസിൽ ട്രംപ്–സെലെൻസ്കി കൂടിക്കാഴ്ച. അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് ഇന്നത്തെ ചർച്ച.
കഴിഞ്ഞ ആഴ്ച ട്രംപുമായുള്ള ഉച്ചകോടിയിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നിന് സുരക്ഷാ ഗ്യാരണ്ടികൾ അനുവദിക്കാൻ സമ്മതിക്കയും, സാധ്യമായ സമാധാന കരാറിന്റെ ഭാഗമായി ഭൂമി കൈമാറ്റങ്ങളിൽ ഇളവുകൾ നൽകാൻ തയാറാവുകയും ചെയ്തെന്ന് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ റഷ്യ ഇതുവരെ അത്തരം കരാറുകളെക്കുറിച്ച് പരാമർശിച്ചിട്ടില്ല.
യുദ്ധവിരാമം സാധ്യമാവുമോ
മൂന്നരവർഷമായി തുടരുന്ന യുദ്ധത്തിന് വിരാമമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ട്രംപിനൊപ്പം യൂറോപ്പിൽ നിന്നുള്ള നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്ന് സെലെൻസ്‌കി പറഞ്ഞു. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ തുടങ്ങിയവരുമായും കാണുന്നുണ്ട്. ഇവരെ കൂടാതെ യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല ഫൊണ്ടെ ലെയ്ന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാന്‍ഡര്‍ സ്റ്റബ്‌സ് തുടങ്ങിയവരും ചർച്ചയുടെ ഭാഗമാവും.
യുക്രെയ്നിന്റെ നാറ്റോ പ്രവേശനത്തിൽ കടുത്ത നിലപാടിലാണ് പുട്ടിൻ. നാറ്റോപക്ഷത്തേക്ക് ചായുന്ന യുക്രൈൻ നിലപാടായിരുന്നു റഷ്യ യുദ്ധം പ്രഖ്യാപിക്കാനുള്ള തുടക്കത്തിലെ പ്രധാന കാരണമായി ഉന്നയിക്കപ്പെട്ടത്.
സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാവും ട്രംപ്–പുട്ടിൻ ചർച്ചയുടെ രണ്ടാംഘട്ടം തീരുമാനിക്കുക. ‘‘വേണമെങ്കിൽ റഷ്യയുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിക്കാവും. അല്ലെങ്കിൽ അദ്ദേഹത്തിന് ഇനിയും യുദ്ധം തുടരാം. യുദ്ധം എങ്ങനെയാണ് ആരംഭിച്ചതെന്ന് ഓർക്കണം’’ എന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ മുന്നറിയിപ്പ് നൽകി. നാറ്റോയിലേക്ക് യുക്രയ്നിനു പ്രവേശനം ഇല്ലെന്നും റഷ്യ സ്വന്തമാക്കിയ ക്രൈമിയ തിരിച്ച് ലഭിക്കില്ലെന്നും ഇതിന് അനുബന്ധമായാണ് ട്രംപ് കുറിച്ചത്.









0 comments