അധിക തീരുവ അനുകൂല ഉത്തരവിന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ട്രംപ്

വാഷിങ്‌ടൺ: വിവിധ രാജ്യങ്ങൾക്കുമേൽ അധിക തീരുവ അടിച്ചേൽപ്പിച്ചത് നിയമവിരുദ്ധമാണെന്ന ഫെഡറൽ കോടതി വിധി റദ്ദാക്കാൻ സുപ്രീംകോടതിയോട് വേഗത്തിലുള്ള ഉത്തരവിന് ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീരുവകളെല്ലാം എടുത്തുകളഞ്ഞാൽ അമേരിക്ക മൂന്നാം ലോകരാജ്യമായിപ്പോകുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ട്രംപ് പ്രഖ്യാപിച്ച അധിക തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാരപരിധി ലംഘിച്ചുള്ളതും ആണെന്ന് ചൂണ്ടിക്കാട്ടിയ ഫെഡറൽ കോടതി, ഗവൺമെന്റിന് അപ്പീൽ നൽകാനായി ഒക്‌ടോബർ 14 വരെ ഉത്തരവ് മരവിപ്പിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യക്ക് 50 ശതമാനം അധിക തീരുവയാണ് ട്രംപ് ചുമത്തിയത്.
ചിക്കാഗോയിൽ സൈന്യത്തെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു. ചിക്കാഗോ ലോകത്തിലെ കൊലപാതകങ്ങളുടെ തലസ്ഥാനമാണെന്നും ആരോപിച്ചു. വാഷിങ്‌ടൺ ഡിസിക്ക് പിന്നാലെ നാഷണൽ ഗാർഡിനെ ചിക്കാഗോയിൽ വിന്യസിക്കാനുള്ള പദ്ധതിയാണ് ട്രംപ് പ്രഖ്യാപിച്ചത്. സൈനിക വിന്യാസം എന്നുണ്ടാകുമെന്ന് വ്യക്തമാക്കിയില്ല. കൊളറാഡോയിൽ താൽക്കാലിക ആസ്ഥാനം ഒരുക്കിയ ബൈഡൻ ഗവൺമെന്റിന്റെ തീരുമാനം റദ്ദാക്കി സ്‌പേസ് കമാൻഡ് അലബാമയിലേക്ക് മാറ്റുമെന്നും പ്രഖ്യാപിച്ചു.









0 comments