റഷ്യയും ഉക്രയ്‌നും തടവുകാരെ കൈമാറും ; ട്രംപ്–പുടിൻ ഫോൺ സംഭാഷണം

വാഷിങ്‌ടൺ : ഉക്രയ്‌നിൽ വെടിനിർത്തൽ ലക്ഷ്യമിട്ട് യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെ റഷ്യ–-ഉക്രയ്‌ൻ യുദ്ധത്തടവുകാരെ കൈമാറാൻ ധാരണ. ഇരു രാജ്യങ്ങളും 175 യുദ്ധത്തടവുകാരെ കൈമാറും. 175 തടവുകാർക്ക് പുറമെ ഗുരുതരമായി പരിക്കേറ്റ 22 റഷ്യൻ സൈനികരെക്കൂടി കൈമാറുമെന്ന് ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്‌കി പറഞ്ഞു. ട്രംപുമായി ഫോണിൽ സംസാരിച്ചശേഷമാണ് സെലൻസ്‌കിയുടെ പ്രതികരണം.
ട്രംപ്– പുടിൻ ഫോൺ സംഭാഷണം സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. മൂന്ന് വര്‍ഷമായി നീളുന്ന റഷ്യ–- ഉക്രയ്ന്‍ യുദ്ധം പൂര്‍ണ വെടിനിര്‍ത്തലിലേക്കും സമാധാന കരാറിലേക്കും നീങ്ങുമെന്നും വൈറ്റ് ഹൗസ് പ്രത്യാശ പ്രകടിപ്പിച്ചു.
30 ദിവസത്തെ വെടിനിർത്തൽ, ഉക്രയ്ന്റെ ഊര്‍ജോല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തൽ, യുദ്ധത്തടവുകാരുടെ കൈമാറ്റം, സമുദ്രഗതാഗ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ട്രംപ്–-പുടിൻ ചർച്ച നടന്നത്. ഉക്രയ്‌ന്റെ ഊര്‍ജോത്പാദന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ 30 ദിവസത്തേക്ക് നിർത്തിവയ്‌ക്കാനും യുദ്ധത്തടവുകാരെ കൈമാറാനും ചർച്ചയിൽ പുടിൻ സമ്മതിച്ചിരുന്നു. പൂർണവെടിനിർത്തൽ ലക്ഷ്യമിട്ടുള്ള ചർച്ചകൾ തുടരാനും ധാരണയായി.









0 comments