മാർപാപ്പയുടെ വേഷത്തിലുള്ള ചിത്രം പങ്കുവെച്ച് ട്രംപ്; അനാദരവ്, വിമർശനം

വാഷിങ്ടണ്‍: പുതിയ മാര്‍പാപ്പയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാര്‍പാപ്പ വേഷത്തിലുള്ള എഐ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡയില്‍ വിമര്‍ശനം. മാര്‍പ്പാപ്പയുടെ വേഷത്തിലുള്ള തന്റെ എഐ ചിത്രം ട്രംപ് തന്നെയാണ് സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചത്.
ട്രംപിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ചിത്രം പങ്കുവെച്ചത്. ഇത് വൈറ്റ് ഹൗസ് എക്സ് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ട്രംപിന്‍റെ നടപടിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. പ്രസിഡന്‍റ് ചെയ്തത് അങ്ങേയറ്റം അനാദരവാണെന്ന് നിരവധി പേര്‍ എക്‌സില്‍ കുറിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ മരണപ്പെട്ട സാഹചര്യത്തില്‍ അടുത്ത മാര്‍പാപ്പ ആരാകണമെന്ന് മാധ്യമപ്രവര്‍ത്തകുരടെ ചോദ്യത്തിന് തനിക്ക് താല്‍പര്യമുണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'അടുത്ത പോപ് ആകാന്‍ എനിക്ക് ആഗ്രഹമുണ്ട്. അതായിരിക്കും എന്റെ നമ്പര്‍ വണ്‍ ചോയ്‌സ്'- എന്നാണ് ട്രംപ് പറഞ്ഞത്.
അതേസമയം അടുത്ത മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ വത്തിക്കാനിൽ തുടങ്ങി. ബിഷപ്പുമാരുടെ കോൺക്ലേവ് നടക്കുന്ന സിസ്‌റ്റെയ്‌ൻ ചാപ്പലിന് മുകളിൽ വെള്ളിയാഴ്ച ചിമ്മിനി സ്ഥാപിച്ചു. ഏഴിനാണ് കോൺക്ലേവ് ആരംഭിക്കുക. ലോകമെമ്പാടുംനിന്ന് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് എത്തുന്ന 133 മെത്രാന്മാർ സിസ്‌റ്റെയ്‌ൻ ചാപ്പലിൽ പുറംലോകവുമായി ബന്ധമില്ലാതെ യോഗം ചേർന്നാണ് മാർപാപ്പയെ തെരഞ്ഞെടുക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന മെത്രാൻ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകും.
ഭൂരിപക്ഷം ഉറപ്പിക്കുംവരെ വോട്ടെടുപ്പ് എന്നതാണ് രീതി. പരാജയമെങ്കിൽ, ഓരോ രണ്ടുവട്ട വോട്ടെടുപ്പിനുശേഷവും ബാലറ്റുകൾ പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്ത്രസിൻ, സൾഫർ എന്നിവ ചേർത്ത് കത്തിക്കും. കറുത്ത പുക ചിമ്മിനി വഴി ദൃശ്യമാകും. വോട്ടെടുപ്പ് പരാജയപ്പെട്ടു എന്ന അറിയിപ്പാണിത്. വോട്ടെടുപ്പ് വിജയകരമായാൽ, ബാലറ്റുകൾ ക്ലോറേറ്റ്, ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നിവ ചേർന്ന് കത്തിക്കും. വെളുത്ത പുക ഉയരുകയും 267–-ാം മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടെന്ന് വ്യക്തമാവുകയും ചെയ്യും.
ഏറ്റവുമൊടുവിൽ മാർപാപ്പ തെരഞ്ഞെടുപ്പ് നടന്ന 2005ലും 2013ലും വോട്ടെടുപ്പ് രണ്ടുദിവസം നീണ്ടു. ആദ്യ ദിനം ഉച്ചകഴിഞ്ഞ് ഒരിക്കൽ വോട്ടെടുപ്പ് നടക്കും. പരാജയമെങ്കിൽ, തുടർദിവസങ്ങളിൽ രാവിലെയും വൈകിട്ടും രണ്ടുവട്ടം വീതം വോട്ടെടുപ്പ്. മൂന്നുദിവസത്തിനുശേഷവും ആരും വിജയിക്കുന്നില്ലെങ്കിൽ അടുത്ത ദിവസം ഇടവേള.









0 comments