ട്രംപ്–ഷി കൂടിക്കാഴ്ചയിൽ ധാരണ , തർക്കവിഷയങ്ങളിൽ പരിഹാരം, വ്യാപാര കരാർ ഉടൻ
print edition വഴങ്ങി യുഎസ് , ചൈനയ്ക്ക് തീരുവ കുറച്ചു

ദക്ഷിണ കൊറിയയിലെ ബുസാനിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചെെന പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ചയ്ക്കുശേഷം ഹസ്തദാനം ചെയ്യുന്നു
ബുസാൻ
അമേരിക്ക ഇറക്കുമതിത്തീരുവ കുത്തനെ കൂട്ടിയതിനെത്തുടർന്നുണ്ടായ വ്യാപാര പ്രതിസന്ധിക്കിടയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈന പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി. ദക്ഷിണകൊറിയയിൽ അപെക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. വ്യാപാരപ്രശ്‌നങ്ങളിൽ കരാറായില്ലെങ്കിലും സഹകരിച്ച് പ്രവർത്തിക്കാനും പരസ്‌പരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുകളയാനും ധാരണയായി.
ചൈനീസ് ഫെന്റാനിലിനുമേൽ ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ 20ൽനിന്ന് 10 ശതമാനമായി അമേരിക്ക കുറച്ചു. ചൈനയ്ക്കുമേലുള്ള മൊത്തം ഇറക്കുമതി തീരുവ ഇതോടെ 57ൽ നിന്ന് 47 ശതമാനമായി. യുഎസിൽനിന്നുള്ള സോയാബീൻ, ചോളം, ക്ഷീര ഉൽപ്പന്നങ്ങൾക്ക് ചൈന ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുമെന്ന് ഉറപ്പുലഭിച്ചതായി ട്രംപ് പറഞ്ഞു. അപൂർവ ഭൗമധാതുക്കളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിൽ ഇളവ് വരുത്താമെന്ന് ചൈന ഉറപ്പുനൽകിയതായും ട്രംപ് പറഞ്ഞു. ഉക്രയ്‌ൻ യുദ്ധം സംബന്ധിച്ച് ഒരുമിച്ച് തീരുമാനങ്ങളെടുക്കുമെന്നും അടുത്ത ഏപ്രിലിൽ താൻ ചൈന സന്ദർശിക്കുമെന്നും ട്രംപ് പ്രതികരിച്ചു. കൂടിക്കാഴ്‌ച വിജയമായിരുന്നുവെന്നും മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവാണ് ഷി ജിൻപിങ്ങെന്നും ട്രംപ് പറഞ്ഞു. ടിക്‌ടോക്കിന്റെ അമേരിക്കയിലെ ഉടമസ്ഥത സംബന്ധിച്ച് ചർച്ച നടന്നെങ്കിലും തീരുമാനം ഉണ്ടായില്ല.
വിഷയം പരിഹരിക്കാൻ യുഎസുമായി ചർച്ച തുടരുമെന്ന് ചൈന അറിയിച്ചു.
ആറു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ട്രംപും ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയത്. ചൈനയുമായുള്ള ചർച്ചയിൽ ധാരണയായില്ലെങ്കിൽ ചൈനയ്ക്കുമേൽ 100-–155 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച ഭീഷണി മുഴക്കിയിരുന്നു. എന്നാൽ അപൂർവധാതുക്കളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയതും യുഎസിൽനിന്നുള്ള സൊയാബീൻ ഇറക്കുമതി കുറച്ചതും കടുത്ത തിരിച്ചടിയായി. ഇതിനെ മറികടക്കാനാണ് ചൈനയ്‌ക്കുമേലുള്ള തീരുവ യുഎസ് കുറച്ചത്.
ഏത് വെല്ലുവിളിയെയും ചൈന മറികടക്കും: ഷി
എല്ലാത്തരം അപകടസാധ്യതകളെയും വെല്ലുവിളികളെയും മറികടക്കാനുള്ള കഴിവും ആത്മവിശ്വാസവും ചൈനയ്ക്കുണ്ടെന്ന് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. ഈവർഷത്തെ ആദ്യ മൂന്നു പാദങ്ങളിൽ സമ്പദ്‌വ്യവസ്ഥയിൽ 5.2 ശതമാനം വളർച്ചയുണ്ടായി. മറ്റ് ലോകരാജ്യങ്ങളുമായുള്ള വ്യാപാരം നാല് ശതമാനം കൂടി. ആഗോള സാഹചര്യത്തിൽ ഇത് ചെറിയ നേട്ടമല്ല. രണ്ട് വലിയ സാമ്പത്തികശക്തികൾ തമ്മിൽ അഭിപ്രായഭിന്നതയുണ്ടാവുക സാധാരണമാണ്. പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യം. ലോകത്തിന്റെ മുഴുവൻ നൻമയ്ക്കായി രാജ്യങ്ങൾ സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.









0 comments