റഷ്യയുമായി തുടരുന്നത് ബില്യൺ കോടികളുടെ ഇടപാട്
അപ്പോൾ അമേരിക്കയുടെ റഷ്യയിൽ നിന്നുള്ള ഇറക്കുമതിയോ ? എനിക്കറിയില്ലെന്ന് ട്രംപ്

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ പ്രതികാര ചുങ്ക ഭീഷണി തുടരുന്നതിനിടെ റഷ്യയിൽ നിന്നുള്ള അമേരിക്കയുടെ ഇറക്കുമതിയെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. റഷ്യയിൽ നിന്നും യുറേനിയവും ഇതര ആണവ മൂലകങ്ങളും രാസവള ഘടങ്ങളും ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ നടപടിയെ കുറിച്ച് ചോദിച്ചപ്പോൾ എനിക്കറിയില്ല, പരിശോധിക്കണം എന്നായിരുന്നു ട്രംപിന്റെ ഉത്തരം.
2028 ൽ ലോസ് ആഞ്ചലസിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് ഒരുക്കങ്ങൾ സംബന്ധിച്ച് വിശദീകരിക്കാൻ വൈറ്റ് ഹൗസിൽ വിളിച്ചു ചേർത്ത മാധ്യമ സമ്മേളനത്തിലായിരുന്നു പ്രതികരണം.
“ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണവാങ്ങരുത് എന്ന് ട്രംപ് പറയുന്നു. എന്നാൽ മുഖ്യ എതിരാളിയും റഷ്യയുടെയും ഇറാന്റെയും എണ്ണ ഉപഭോക്താക്കളിൽ ഒന്നാമതുമായ ചൈനയ്ക്ക് 90 ദിവസത്തെ ഇളവ് നൽകിയിരിക്കുന്നു. ഇന്ത്യ പോലുള്ള ശക്തമായ സഖ്യകക്ഷികളുമായുള്ള ബന്ധം തകർക്കരുത്.” എന്നാണ് മുൻ യു എൻ അംബാസിഡർ നിക്കി ഹേലി ഇതിനെതിരെ പ്രതികരിച്ചത്.
ഭീഷണി വാക്യം
“അവരുടെ സൈനിക ഉപകരണങ്ങളുടെ വലിയൊരു പങ്കും ഇപ്പോഴും റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്. ഉക്രെയിനിലെ യുദ്ധം അവസാനിക്കണമെന്ന് ലോകം ആഗ്രഹിക്കുന്ന ഈ ഘട്ടത്തിൽ, റഷ്യയിൽ നിന്നുള്ള ഊർജം ഏറ്റവുമധികം വാങ്ങുന്നവരിൽ ഒരാളായി അവർ ചൈനയോടൊപ്പം നിലകൊള്ളുന്നു — ഇതൊന്നും നല്ല അടയാളമല്ല.” എന്നായിരുന്നു ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ദ ട്രൂത്തിൽ കുറിച്ച ഭീഷണി വാക്യം.
റഷ്യയുമായി ബില്യൺ കോടി ഇടപാടുകൾ
റഷ്യ യുക്രൈൻ സംഘർഷം ആരംഭിച്ച ശേഷവും കോടിക്കണക്കിന് ഡോളറിന്റെ ഇടപാടാണ് അമേരിക്ക റഷ്യയുമായി നടത്തുന്നത്. 2022 മുതൽ 24.5 ബില്യൺ ഡോളറിന്റെ ഇറക്കുമതി റഷ്യയിൽ നിന്നും നടത്തി. കഴിഞ്ഞ വർഷം മാത്രം 1.27 ബില്യൻ ഡോളറിന്റെ വളവും 624 മില്യൺ ഡോളറിന്റെ യുറേനിയവും പ്ലൂട്ടോണിയവും വാങ്ങി. 878 മില്യൺ ഡോളറിന്റെ ഇലക്ട്രിക് വാഹന നിർമ്മാണത്തിനുള്ള പലേഡിയവും ഇറക്കുമതി ചെയ്തു.
ഇന്ത്യയുമായുള്ള മൊത്തം വ്യാപാരത്തെക്കാൾ കൂടുതലാണ് അമേരിക്ക റഷ്യയുമായി നടത്തുന്നത് എന്നും ചൂണ്ടി കാണിക്കപ്പെട്ടു. മാത്രമല്ല, 2022 ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചപ്പോൾ എണ്ണ വിലയുടെ ആഗോള സംതുലിതാവസ്ഥ നിലനിർത്താൻ വേണ്ടി റഷ്യയിൽ നിന്നും എണ്ണ ഇറക്കമതി ചെയ്യാൻ അമേരിക്ക തന്നെയാണ് ആവശ്യപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ചൈനയെ തള്ളാൻ വയ്യ
അപൂർവ്വ ധാതുക്കളുടെ കാര്യത്തിൽ ഏറ്റവും അധികം ആശ്രയിക്കുന്നത് ചൈനയെയാണ്. ലോക രാജ്യങ്ങൾ അമേരിക്കയെ കൊള്ളയടിക്കയാണെന്നും അതിന് മുൻപിൽ ചൈനയാണെന്നും പറഞ്ഞാണ് ഡൊണൾഡ് ട്രംപ് അമേരിക്കൻ വിമോചന ദിനത്തിൽ വ്യാപാര യുദ്ധം പ്രഖ്യാപിച്ചത്. ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനം പ്രതികാര ചുങ്കം പ്രഖ്യാപിച്ചപ്പോൾ 125 ശതമാനം ചുങ്കം വർധിപ്പിച്ച് ചൈനയും തിരിച്ചടിച്ചു. പിന്നീട് ഇത് ചർച്ചകളെ തുടർന്ന് യഥാക്രണം 30 ശതമാനവും പത്ത് ശതമാനവുമായി കുറച്ചു. തിരിച്ചടിയേറ്റത് അമേരിക്കയ്ക്കാണെന്ന് വിലയിരുത്തലുകൾ ഉണ്ടായി.
റെയർ എർത്ത് മൂലകങ്ങളുടെ കാര്യത്തിൽ അമേരിക്ക ഏറ്റവും അധികം ആശ്രയിച്ചിരുന്നത് ചൈനയെയാണ്. യു എസ് ജിയോളജിക്കൽ സർവ്വെയുടെ തന്നെ കണക്കുകൾ പ്രകാരം ഇവ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്നത് ചൈനയാണ്. മ്യാൻമാർ, ഒസ്ട്രേലിയ, മഡഗാസ്കർ, റഷ്, വിയറ്റ് നാം തുടങ്ങിയ രാജ്യങ്ങളാണ് പിന്നാലെ. ഇവയുടെ വേർതിരിക്കൽ പ്രക്രയ സങ്കീർണ്ണവും ചിലവേറിയതുമാണ്. ലോകത്ത് ഇതിൽ കുത്തക നലനിർത്തുന്നത് ചൈനയാണ്. കഴിഞ്ഞ വർഷം ഈ മൂലകങ്ങളുടെ 70 ശതമാനവും ചൈനയുടെ സംഭാവനയായിരുന്നു. 270,000 മെട്രിക് ടൺ ആയിരുന്നു. അമേരിക്കയുടെ ശേഷി വെറും 45000 മെട്രിക് ടൺ വിഹിതമാണ്. ആധുനിക വ്യവസാങ്ങൾക്കും ആയുധ നിർമ്മാണത്തിനും ഏറ്റവും ആവശ്യമായിട്ടുള്ള മൂലകങ്ങളാണ്. ലോഹ സങ്കരങ്ങളുടെ ഉത്പാദനത്തിലും കയറ്റുമതിയിലും 85 ശതമാനം കയ്യാളുന്നതും ചൈനയാണ്.
ഇന്ത്യയ്ക്ക് മേൽ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പ്രതികാര ചുങ്കം ഉയർത്തൽ ഭീഷണിയുടെ ഇടവേള അവസാനിക്കുന്നത് വ്യാഴാഴ്ചയാണ്. 25 ശതമാനം ചുങ്കം ഏർപ്പെടുത്തിയത് ഗണ്യമായി വർധിപ്പിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനിടെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് ചർച്ചകൾക്കായി റഷ്യയിൽ എത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റഷ്യ സന്ദർശിക്കുന്നുണ്ട്.









0 comments