റഷ്യയിൽ പാലം തകർന്ന് ട്രെയിൻ പാളം തെറ്റി; 7 മരണം, 30 പേർക്ക് പരിക്ക്

മോസ്കോ: റഷ്യയിൽ ട്രെയിൻ പാളം തെറ്റി ഏഴ് മരണം. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. റഷ്യയിലെ ഉക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന ബ്രയാൻസ്ക് മേഖലയിലാണ് പാലം തകർന്നതിനെ തുടർന്ന് ട്രെയിൻ പാളം തെറ്റിയത്.
ഗതാഗത സംവിധാനത്തിൽ നിയമവിരുദ്ധമായ ഇടപെടൽ നടത്തിയതിനാലാണ് പാലം തകർന്നതെന്നും ട്രെയിൻ അപകടമുണ്ടായതെന്നും റെയിൽവേ ടെലിഗ്രാം മെസേജിങ് ആപ്പിൽ പറഞ്ഞു. ട്രെയിനിന്റെ ലോക്കോമോട്ടീവും നിരവധി ബോഗികളും പാളം തെറ്റി.
രണ്ട് കുട്ടികൾ ഉൾപ്പെടെ 30 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ബ്രയാൻസ്ക് മേഖലയുടെ ഗവർണർ അലക്സാണ്ടർ ബൊഗോമാസ് ടെലിഗ്രാമിൽ പറഞ്ഞു. മരിച്ചവരിൽ ലോക്കോ പൈലറ്റും ഉൾപ്പെട്ടിട്ടുള്ളതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അപകടം നടന്ന സ്ഥാലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിനും രക്ഷിക്കുന്നതിനുമാണ് ശ്രമം നടക്കുന്നതെന്നും 180ഓളം ഉദ്യോഗസ്ഥർ രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളതായും റഷ്യയുടെ അടിയന്തര സാഹചര്യ മന്ത്രാലയം ടെലിഗ്രാമിൽ അറിയിച്ചു.
ക്ലിമോവോ പട്ടണത്തിൽ നിന്ന് മോസ്കോയിലേക്ക് പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ബ്രയാൻസ്ക് മേഖലയിലെ വൈഗോണിച്സ്കി ജില്ലയിലെ ഒരു ഹൈവേയിലെ പാലം തകർന്നിരുന്നു. ട്രെയിൻ പാലത്തിൽ ഇടിച്ചതായി റഷ്യൻ റെയിൽവേ അറിയിച്ചു. ഉക്രെയ്നിന്റെ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ (62 മൈൽ) അകലെയാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്. ട്രെയിൻ അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.









0 comments