ഇന്ത്യക്കാരായ കുട്ടികൾക്ക് വേണ്ടി തിരച്ചിൽ
യുഎസ് തീരത്ത് ബോട്ട് മറിഞ്ഞ് മൂന്ന് മരണം; ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ് പേരെ കാണാനില്ല

PHOTO CREDIT: X
വാഷിംങ്ടൺ: യുഎസ് തീരത്ത് ബോട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ് പേരെ കാണാതായതായി. തിങ്കളാഴ്ച രാവിലെ കാലിഫോർണിയയിലെ സാൻ ഡീഗോയ്ക്ക് സമീപമാണ് ചെറിയ യാത്രാ ബോട്ട് മുങ്ങിയത്. അപകടത്തിൽ അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ത്യക്കാരായ രണ്ട് കുട്ടികളെയാണ് അപകടത്തിൽ കാണാതായത്. ഇവരുടെ മാതാപിതാക്കൾ ലാ ജോല്ലയിലെ സ്ക്രിപ്സ് മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു.
സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് കുടുംബത്തിന് സഹായം നൽകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ട്
കുടിയേറ്റക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. അപകടം നടന്ന വിവരത്തെ തുടർന്ന് യു എസ് കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഹെലികോപ്റ്ററും ബോട്ടും വിന്യസിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
മെക്സിക്കോ അതിർത്തിയിൽ നിന്ന് ഏകദേശം 35 മൈൽ വടക്ക്, ടോറി പൈൻസ് സ്റ്റേറ്റ് ബീച്ചിന് സമീപമാണ് അപകടം നടന്നത്. ടോറി പൈൻസ് സ്റ്റേറ്റ് ബീച്ചിലെ ഹൈക്കർമാരാണ് രാവിലെ 6.30 ഓടെ (പ്രാദേശിക സമയം) ബോട്ട് മറിഞ്ഞതായി റിപ്പോർട്ട് ചെയ്തത്. സമീപത്തുള്ള ഒരു ഹൈക്കിംഗ് ഡോക്ടർ സംഭവസ്ഥലത്തെത്തി രക്ഷപ്പെടുത്തിയവർക്ക് സിപിആർ ഉൾപ്പെടെ വൈദ്യ സഹായം നൽകി.
അപകടത്തിൽ പരിക്കേറ്റ നാല് പേരിൽ മൂന്ന് പേരും 30 വയസ് പ്രായം തോന്നിക്കുന്നവരാണ്. ഒരാൾ കൗമാരക്കാരനാണെന്നും ഇവർ ചികിത്സയിൽ കഴിയുന്ന ആശുപത്രി അധികൃതർ പറയുന്നു. ഇവരുടെ ആരോഗ്യ നിലയെ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.









0 comments