അറുതിയില്ലാതെ ദുരിതജീവിതം

ഗാസ സിറ്റി: വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും ഇസ്രയേൽ ആക്രമണം തുടരുന്നതും അതിർത്തി കടന്ന് സഹായങ്ങൾ എത്തുന്നത് തടയുന്നതുംമൂലം അറുതിയില്ലാതെ ഗാസയിലെ ദുരിതജീവിതം.
അധിനിവേശ വെസ്‌റ്റ്‌ബാങ്കിലുൾപ്പെടെ പലസ്‌തീൻകാർക്കെതിരെ ഇസ്രയേൽ സേന ആക്രമണം നടത്തി. റാഫ അതിർത്തിയിൽ നൂറുകണക്കിന് ട്രക്കുകൾ ഭക്ഷ്യവസ്‌തുക്കളുമായി കാത്തുനിൽക്കുന്പോഴും സഹായവിതരണം ഇസ്രയേൽ തടയിടുകയാണ്. ഒരു ദിവസം 600 ട്രക്കെങ്കിലും ഗാസയിൽ എത്തേണ്ട സ്ഥാനത്ത് 12 ട്രക്ക് മാത്രമാണ് ബുധനാഴ്‌ച കടത്തിവിട്ടത്. വടക്കൻ ഗാസയിലും തെക്കൻ ഗാസയിലും പട്ടിണി അതിരൂക്ഷമായി. സഹായകേന്ദ്രങ്ങളിലെ വരികള്‍ മണിക്കൂറുകളോളം നിന്ന് പലരും തളര്‍ന്നുവീണു. ഗാസയിലെ പത്തിൽ ഒന്പത് വീടും പൂർണമായോ ഭാഗികമായോ തകർന്ന നിലയിലാണ്. മടങ്ങിയെത്തുന്നവർക്ക് തലചായ്‌ക്കാൻ ടെന്റുകളല്ലാതെ മറ്റ് അഭയമില്ല. ബന്ദിയുടെ മൃതദേഹം മാറിയെന്ന് ഇസ്രയേൽ വെടിനിർത്തൽ കരാർ പ്രകാരം തിങ്കളാഴ്ച മുതൽ ഹമാസ് 20 ബന്ദികളെയും എട്ട് മൃതദേഹങ്ങളുമാണ് ഇസ്രയേലിന് കൈമാറിയത്. ചൊവ്വാഴ്ച ലഭിച്ച നാല് മൃതദേഹങ്ങളിൽ രാത്രി വൈകി നടത്തിയ ഫൊറൻസിക് പരിശോധനകൾക്കുശേഷം, അവയിലൊന്ന് ബന്ദികളുമായി പൊരുത്തപ്പെടുന്നില്ലെന്ന് മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ഇസ്രയേൽ സേന അറിയിച്ചു.
അഴിമതിക്കേസിൽ നെതന്യാഹു കോടതിയിൽ അഴിമതിക്കേസിൽ വിചാരണയ്‌ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ടെൽ അവീവിലെ ജില്ലാ കോടതിയില്‍ ഹാജരായി. കൈക്കൂലി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2019ലാണ് നെതന്യാഹുവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. നെതന്യാഹു ശതകോടീശ്വരൻമാരിൽനിന്ന് ആഡംബര വസ്‌തുക്കളും പണവും സ്വീകരിച്ചതായും പരാതി ഉയർന്നിരുന്നു.
ഹമാസ് ആയുധങ്ങൾ കൈമാറിയില്ലെങ്കിൽ കടുത്ത നടപടിയെന്ന് ട്രംപ്
നിശ്‌ചയിച്ച സമയപരിധിക്കുള്ളിൽ ഹമാസ് ആയുധങ്ങൾ കൈമാറിയില്ലെങ്കിൽ അക്രമാസക്തമായ നടപടികളിലൂടെ പിടിച്ചെടുക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസയുടെ നിയന്ത്രണം കൈവശപ്പെടുത്താൻ ഹമാസിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments