കഞ്ചാവ് ഉപയോ​ഗം നിയന്ത്രിക്കാൻ തായ്ലൻഡ്: വിൽപ്പനയ്ക്ക് ഡോക്ടറുടെ കുറിപ്പടി നിർബന്ധം

cannabis thailand

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 26, 2025, 11:28 AM | 2 min read

ബാങ്കോക്ക് : നിയമവിധേയമാക്കി രണ്ടു വർഷത്തിനു ശേഷം കഞ്ചാവിന്റെ ഉപയോ​ഗം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി തായ്ലൻഡ്. വിനോദ ഉപയോഗത്തിനായി കഞ്ചാവ് വിൽക്കുന്നത് നിരോധിച്ചു. ചില്ലറ വിൽപനക്ക് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കുകയും ചെയ്തുകൊണ്ട് തായ്‌ലൻഡ് ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.


2022-ൽ തായ്ലൻഡ് കഞ്ചാവ് വിൽപ്പന കുറ്റകരമല്ലാതാക്കി മാറ്റിയിരുന്നു. ഇത്തരത്തിൽ കഞ്ചാവ് ഉപയോ​ഗം നിയമപരമാക്കിയ ഏഷ്യയിലെ ആദ്യത്തെ രാജ്യമായി തായ്‌ലൻഡ് മാറി. ഈ നീക്കത്തിലൂടെ തായ്‌ലൻഡിന്റെ ടൂറിസവും കൃഷിയും വീണ്ടും ഉത്തേജിപ്പിക്കപ്പെടുകയും കഞ്ചാവ് വിൽപ്പനയ്ക്കടക്കം ആയിരക്കണക്കിന് കടകൾ തുറക്കുകയും ചെയ്തു. എന്നാൽ കൃത്യമായ നിയന്ത്രണങ്ങൾ ഇല്ലാഞ്ഞതു മൂലം കഞ്ചാവ് കുട്ടികൾക്കടക്കം ലഭ്യമാക്കുകയും വലിയ തോതിൽ ആസക്തി ഉണ്ടാക്കുകയും ചെയ്തുവെന്ന ആരോപണം ഉയർന്നു. ഇതോടെ പൊതുജനങ്ങളി‍ൽ നിന്ന് വലിയ എതിർപ്പാണ് ഭരണകൂടം നേരിട്ടത്.


ഇതോടെയാണ് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കുറിപ്പടിയില്ലാതെ കുറിപ്പടിയില്ലാതെ കടകളിൽ നിന്ന് ഉപഭോക്താക്കൾക്ക് കഞ്ചാവ് വിൽക്കുന്നത് നിരോധിച്ചുകൊണ്ട് ആരോഗ്യമന്ത്രി സോംസാക് തെപ്‌സുട്ടിൻ തിങ്കളാഴ്ച ഉത്തരവിൽ ഒപ്പുവച്ചു. കഞ്ചാവിനെ വീണ്ടും മയക്കുമരുന്നിന്റെ പട്ടികയിൽപെടുത്താനും ഉൽപ്പാദനം നിയന്ത്രണവിധേയമാക്കാനും ഒരുങ്ങുന്നതായും വിവരമുണ്ട്. ചട്ടങ്ങളിലെ മാറ്റം പഠിക്കാനും നടപ്പിലാക്കാനും ഏജൻസി തയാറാണെന്ന് നാർക്കോട്ടിക് കൺട്രോൾ ബോർഡ് ഓഫീസ് സെക്രട്ടറി ജനറൽ ഫനുരത് ലുക്ബൂൺ ബുധനാഴ്ച പറഞ്ഞു. റോയൽ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തിൽ വരും. എന്നാൽ ഇത് എപ്പോഴാണെന്ന് വ്യക്തമല്ല.


ഭരണകക്ഷിയായ ഫ്യൂ തായ് പാർട്ടി മുമ്പ് മയക്കുമരുന്ന് ഉപയോ​ഗം വീണ്ടും ക്രിമിനൽ കുറ്റമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മുൻ സഖ്യകക്ഷിയായ ഭുംജൈതായ് പാർട്ടിയിൽ നിന്ന് ഇതിൽ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു. കഞ്ചാവിന്റെ ഡീക്രിമിനലൈസേഷനെ പിന്തുണച്ച സഖ്യകക്ഷിയാണ് ഭുംജൈതായ്. ഇവർ സഖ്യത്തിൽ നിന്ന് പിൻമാറിയതോടെയാണ് വീണ്ടും പുതിയ നീക്കം.


cannabis thailand


ഭാവിയിൽ കഞ്ചാവിനെ മയക്കുമരുന്നിന്റെ പട്ടികയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി സോംസാക് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിനോദസഞ്ചാരികൾ ഉൾപ്പെടുന്ന കഞ്ചാവ് കള്ളക്കടത്ത് കേസുകൾ സമീപ മാസങ്ങളിൽ വർദ്ധിച്ചതായി കഴിഞ്ഞ മാസം ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഈ നീക്കം. കഞ്ചാവ് കുറ്റകരമല്ലാതാക്കിയതിനുശേഷം അതിന് അടിമകളായവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായി കഴിഞ്ഞ വർഷം തന്റെ ഏജൻസി നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി ഫനുരത് പറഞ്ഞു.


വിനോദത്തിനും വൈദ്യശാസ്ത്രപരവുമായ ആവശ്യങ്ങൾക്കായി കഞ്ചാവ് വിൽക്കാൻ നിരവധി കടകൾ തുറന്നിട്ടുണ്ട്. ഇത് കുട്ടികൾക്കും പൊതുജനങ്ങൾക്കും എളുപ്പത്തിൽ കഞ്ചാവ് ലഭിക്കാൻ ഇടയാക്കുന്നു. മയക്കുമരുന്ന് തടയാനുള്ള സർക്കാരിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാണ് ഇത്. അതിനാലാണ് കഞ്ചാവ് വിൽപ്പനയിൽ നിയന്ത്രണം കർശനമാക്കാൻ ഉത്തരവിട്ടതെന്ന് സർക്കാർ വക്താവ് ജിരായു ഹൗങ്‌സാബ് ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.


എന്നാൽ ചട്ടങ്ങളിലെ മാറ്റം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കഞ്ചാവ് വിൽപ്പനയെ അനുകൂലിക്കുന്ന വിഭാ​ഗത്തിന്റെ വാദം. കഞ്ചാവ് ഉപയോഗിക്കുന്നതോ വിൽക്കുന്നതോ വീണ്ടും ക്രിമിനൽ കുറ്റമാക്കാനുള്ള ശ്രമത്തെ എതിർക്കുന്നതിനായും അടുത്ത മാസം ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽ റാലി നടത്തുമെന്നും ഇവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home