ഫോൺകോൾ വിവാദം: തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയ്ക്ക് സസ്പെൻഷൻ

പയേതുങ്താൻ ഷിനവത്ര PHOTO CREDIT: X
തായ്പേയ്: ഫോൺകോൾ വിവാദത്തെ തുടർന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ സസ്പെൻഡ് ചെയ്തു. മുൻ കംബോഡിയൻ നേതാവുമായുള്ള ഫോൺ കോൾ ചോർന്നതിനെ തുടർന്ന് ഭരണഘടനാ കോടതിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ധാർമികത ലംഘിച്ചുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നടപടി. പയേതുങ്താനെ സ്ഥാനത്ത് നിന്നും നീക്കുന്നതിനെ ഏഴ് പേർ അനുകൂലിച്ചു. മുൻ കംബോഡിയൻ നേതാവ് ഹുൻ സെന്നിനോടുള്ള സംഭാഷണത്തിനിടെ 'അങ്കിൾ' എന്ന് വിളിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഹുൻ സെൻ തന്നെയാണ് സംഭാഷണം സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിട്ടത്.
കംബോഡിയയുമായുള്ള അതിർത്തിത്തർക്കം മോശമായി കൈകാര്യം ചെയ്തതിന്റെ പേരിൽ പയേതുങ്താനെതിരേ ജനരോഷം കനക്കവേയാണ് ഹുൻ സെന്നുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. തായ് സൈന്യത്തോട് തികഞ്ഞ അനാദരവും കംബോഡിയയോട് വലിയ ആഭിമുഖ്യവും കാണിക്കുന്നതാണ് ഷിനവത്രയുടെ പരാമർശങ്ങളെന്ന ആരോപണമാണ് ഉയർന്നത്.
കോടതി നടപടിക്രമങ്ങൾ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് പയേതുങ്താൻ അറിയിച്ചു. അതേസമയം, താത്കാലിക പ്രധാനമന്ത്രിയായി നിലവിലെ ഉപപ്രധാനമന്ത്രി പ്രവർത്തിക്കും. പയേതുങ്താൻ സാംസ്കാരിക മന്ത്രിയായി മന്ത്രിസഭയിൽ തുടരും. പ്രധാനമന്ത്രിയെ സസ്പെൻഡ് ചെയ്യുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പയേതുങ്താനെ സാസ്കാരിക മന്ത്രിയായി നിലനിർത്തിയത്.









0 comments