ഭീകരവാദി അതിഥിയായി, ട്രംപ് ഷറ കൂടികാഴ്ച നാളെ

sharaa
വെബ് ഡെസ്ക്

Published on Nov 09, 2025, 02:41 PM | 1 min read

വാഷിങ്ടൺ: യുഎസ് ഭീകരവാദികളുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അൽ ഷറ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തി. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചർച്ച നടത്തും.


ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തില്‍ ചേരാനുള്ള കരാറിൽ ഷറ ഒപ്പുവെക്കുമെന്ന് സിറിയയിലെ യുഎസ് പ്രതിനിധി ടോം ബരാക്ക് ഈ മാസം ആദ്യം അവകാശപ്പെട്ടിരുന്നു.


ഷറയെ വെള്ളിയാഴ്ചയാണ് യു എസ് കരിമ്പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. ഇത് സംബന്ധിച്ച സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവ് പുറത്തിറങ്ങി അടുത്ത ദിവസമാണ് ഷറ വിമാനമിറങ്ങുന്നത്. ശനിയാഴ്ച അദ്ദേഹം യുഎസില്‍ എത്തിയതായി സിറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


യുഎസ് തലസ്ഥാനത്ത് അൽ ഷറ ഇറങ്ങുമ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ 71 അംഗങ്ങളെ കസ്റ്റഡിയിലെടുത്തതായി സിറിയ പ്രഖ്യാപിച്ചു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായും വാർത്ത പുറത്തു വിട്ടു.

 

സിറിയയിലെ ദീര്‍ഘകാല ഭരണാധികാരി ബഷാർ അൽ അസദിനെ, കഴിഞ്ഞ വര്‍ഷം അവസാനം വിമത നീക്കത്തിലൂടെ അട്ടിമിറിച്ചാണ് ഷറ അധികാരം സ്വന്തമാക്കിയത്. മേയിൽ റിയാദിൽ വെച്ച് ട്രംപും ഷറയും ചർച്ച നടത്തിയിരുന്നു. ഡമാസ്കസിന് സമീപം സൈനിക താവളം സ്ഥാപിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി അന്ന് വാർത്തയുണ്ടായിരുന്നു.



Related News

 

സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിൽ വെച്ച് യുഎൻ പൊതുസഭയെ ഷറ അഭിസംബോധന ചെയ്തിരുന്നു.

]

നേരത്തെ അല്‍ ഖ്വായ്ദയുമായി ബന്ധമുണ്ടായിരുന്ന ഷറയുടെ ഹയാത്ത് തഹ്രീർ അൽ ഷാമിനെ (എച്ച്ടിഎസ്) ജൂലൈയിൽ യു എസ് ഭീകരസംഘടനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. യു എസ് ഇറാഖ് അധിനിവേശ കാലഘട്ടത്തിലാണ് ഭീകരവാദ സംഘടനയുമായി ഷറ പൊതു രംഗത്ത് എത്തുന്നത്.


13 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന് ശേഷം പുനര്‍നിര്‍മ്മാണത്തിന്റെ പാതയിലാണ് സിറിയ. പുനര്‍നിര്‍മ്മാണച്ചെലവ് 216 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് ലോകബാങ്ക് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Home