സിറിയയിൽ കലാപം; ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു

ഖാർത്തൂം: സിറിയൻ സുരക്ഷാ സേനയും മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആയിരത്തിൽ അധികം പേർ കൊല്ലപ്പെട്ടു. രണ്ട് ദിവസമായി നടന്ന ഏറ്റുമുട്ടലിലും തുടർന്നുണ്ടായ പ്രതികാര കൊലപാതകങ്ങളിലും മരിച്ചവരുടെ എണ്ണം യുദ്ധ നിരീക്ഷണ സംഘമാണ് പുറത്ത് വിട്ടത്. 2011ൽ സിറിയയിലെ സംഘർഷം ആരംഭിച്ചതിനുശേഷം ഉണ്ടായ ഏറ്റവും മാരകമായ അക്രമാണിത്.
745 സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇവരെല്ലാം വളരെ അടുത്ത ദൂരത്ത് നിന്നും വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. 125 സിറിയൻ സുരക്ഷാ സേനാംഗങ്ങളും 148 അസദ് അനുയായികളും കൊല്ലപ്പെട്ടതായാണ് ബ്രിട്ടൺ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തത്.
സിറിയയിൽ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ മതനിരപേക്ഷ സർക്കാരിനെ അട്ടിമറിച്ച് ഭരണംപിടിച്ച ഭീകരസംഘടന ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ (എച്ച്‌ടിഎസ്) നിയന്ത്രണത്തിലുള്ള സിറിയൻ സൈന്യം സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സൈന്യം ആളുകളെ നിരത്തിനിർത്തി വെടിവച്ചുകൊല്ലുന്നതും കെട്ടിടത്തിന് പുറത്ത് മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഷിയ മുസ്ലീങ്ങളിലെ ചെറുവിഭാഗമായ അലവികൾ തിങ്ങിപ്പാർക്കുന്ന ലതാകിയ പ്രവിശ്യയിലാണ് സൈന്യവും എച്ച്‌ടിഎസ് അനുയായികളും കൂട്ടക്കൊല തുടരുന്നത്. കഴിഞ്ഞ വർഷം അവസാനം പുറത്താക്കപ്പെട്ട ബഷാർ അൽ- അസദിനെ പിന്തുണയ്ക്കുന്നവരുടെ ശക്തികേന്ദ്രമാണ് ലതാകിയ പ്രവിശ്യ. ലതാകിയയ്ക്ക് പുറമേ ടാർട്ടസ് ഗവർണറേറ്റിലും നിരവധിപേരെ വധിച്ചതായി റിപ്പോർട്ടുണ്ട്. സൈന്യവും സർക്കാർ അനുകൂല ആയുധധാരികളും വീടുകളും സ്വത്തുക്കളും കൊള്ളയടിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ വെളിപ്പെടുത്തി.









0 comments