പാസ്പോർട്ടിൽ ആണും പെണ്ണും മാത്രം മതി, ട്രംപിന് പിന്നാലെ യു എസ് സുപ്രീം കോടതിയും

വാഷിങ്ടണ്‍: യുഎസ് പാസ്‌പോര്‍ട്ടുകളിൽ പൗരന്‍മാരുടെ ലിംഗഭേദം ആണ്‍ എന്നോ പെൺ എന്നോ മാത്രം മതിയെന്ന് ട്രംപ് ഭരണകൂടത്തിന്റെ നിലപാട് അംഗീകരിച്ച് യു എസ് സുപ്രീം കോടതി. രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങൾക്കായുള്ള ദീർഘകാല പോരാട്ടം കോടതി തള്ളി. ലോകം മുഴുവൻ അംഗീകരിച്ച് തുടങ്ങിയപ്പോഴാണ് അമേരിക്കയുടെ പിന്മാറ്റം.
യുഎസ് പാസ്‌പോർട്ടുകളിൽ ഒരു വ്യക്തിയുടെ ലിംഗ ഐഡന്റിറ്റിയായി നോൺ-ബൈനറി മാർക്കർ "X" അടയാളപ്പെടുത്താൻ അനുവദിക്കണമെന്ന നേരത്തെയുള്ള നിർദ്ദേശം കോടതി തള്ളി. പകരം, ജനനസമയത്ത് രേഖപ്പെടുത്തിയ ലിംഗഭേദം രേഖപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന നയം നടപ്പിലാക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് കോടതി അനുമതി നൽകി.
ലിംഗസ്വത്വത്തിനനുസരിച്ച് പുരുഷനെന്നോ സ്ത്രീയെന്നോ 'X' എന്നോ തെരഞ്ഞെടുക്കാന്‍ അപേക്ഷകരെ അനുവദിക്കണമെന്ന് നേരത്തേ കീഴ്‌കോടതി പറഞ്ഞിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതി സ്വീകരിച്ചില്ല.
അതേസമയം മൂന്ന് ലിബറൽ ജസ്റ്റിസുമാർ (കെറ്റാൻജി ബ്രൗൺ ജാക്‌സൺ, സോണിയ സൊട്ടോമയർ, എലീന കഗൻ) എന്നിവർ ഇതിനോട് വിയോജിച്ചു. ഈ നയം ട്രാൻസ്‌ജെൻഡർ, നോൺ-ബൈനറി ആളുകൾക്ക് ദോഷം വരുത്തുമെന്ന് മുന്നറിയിപ്പ് നൽകി. അവരുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകാൻ നിർബന്ധിതരാക്കുകയാണ് എന്ന് പറഞ്ഞു.
അറ്റോർണി ജനറൽ പാം ബോണ്ടി ഉത്തരവിനെ പ്രശംസിച്ചു. രണ്ട് ലിംഗങ്ങളെയുള്ളൂവെന്നും, നീതിന്യായ വകുപ്പിലെ അഭിഭാഷകർ ആ "ലളിതമായ സത്യത്തിനായി" പോരാടുന്നത് തുടരുമെന്നും പറഞ്ഞു.
ട്രംപിന്റെ വഴിയേ കോടതിയും
രാജ്യത്ത് പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്നിങ്ങനെ രണ്ട് ലിംഗഭേദങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന് കഴിഞ്ഞ ജനുവരിയില്‍ ട്രംപ് ഭരണകൂടം എക്‌സിക്യുട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് അനുസൃതമായി പാസ്‌പോര്‍ട്ട് നിയമങ്ങൾ പരിഷ്‌കരിക്കുകയും ചെയ്തു. ലിംഗഭേദത്തിനുള്ള അംഗീകാരം ഇല്ലാതാക്കി.
1970-കളിലാണ് യുഎസ് പാസ്‌പോര്‍ട്ടുകളില്‍ ലിംഗ വ്യത്യാസങ്ങൾ ഉൾക്കൊള്ളിച്ചു തുടങ്ങിയത്. എന്നാൽ 90-കളുടെ തുടക്കത്തില്‍ ഡോക്ടറുടെ കുറിപ്പ് അടിസ്ഥാനത്തില്‍ അപേക്ഷകര്‍ക്ക് ഇത് ഇഷ്ട പ്രകാരം മാറ്റാനുള്ള അനുമതി നല്‍കി. രേഖകൾ പ്രകാരം അംഗീകരിക്കാൻ തുടങ്ങി.
ജോ ബൈഡന്‍ പ്രസിഡന്റായ 2021-ല്‍ രേഖകൾ ഹാജരാക്കാതെ തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ അപേക്ഷകര്‍ക്കായി 'എക്‌സ്' എന്ന മൂന്നാമതൊരു ഒപ്ഷന്‍ നല്‍കി. എന്നാൽ ട്രംപ് പക്ഷം ഇതിനെ കടുത്ത ഭാഷയിൽ എതിർത്ത് രംഗത്ത് എത്തി.
പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിയെത്തിയതു മുതല്‍ രണ്ട് ലിംഗങ്ങളേയുള്ളൂ എന്ന നിലപാട് ആവർത്തിക്കയാണ് ട്രംപ് ചെയ്തത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗസ്വത്വത്തെ ഒരു പെരും നുണ എന്ന് ആവർത്തിച്ച് വിശേഷിപ്പിച്ചു. യുഎസ് സൈന്യത്തില്‍ ചേരുന്നതില്‍നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കി. ഇതിനും സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു.
മുൻപേ നടക്കുന്ന രാജ്യങ്ങൾ
ഇന്ത്യയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് തുല്യ അവസരമൊരുക്കുന്നതിനുള്ള നയം രൂപീകരിക്കാൻ നിർദ്ദേശിച്ച് കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി കോടതി നിർദ്ദേശ പ്രകാരം ഡൽഹി ഹൈക്കോടതി മുൻ ജഡ്‌ജി ആശാ മേനോൻ അധ്യക്ഷയായി സമിതി രൂപീകരിക്കയും ചെയ്തു.
ട്രാൻസ്‌വുമൺ ആണെന്നതിന്റെ പേരിൽ സ്വകാര്യ സ്‌കൂളുകൾ ജോലിയിൽനിന്ന് പുറത്താക്കപ്പെട്ടവരുടെ ഹർജി പരിഗണിക്കവെ ആയിരുന്നു കോടതി നടപടി. ഉത്തർപ്രദേശിലെ ഉമാ ദേവി ചിൽഡ്രൺസ് അക്കാദമി, ഗുജറാത്തിലെ ജെപി മോദി സ്‌കൂൾ എന്നീ സ്ഥാപനങ്ങളാണ് അധ്യാപികയായ ജെയിൻ കൌശിക്കിനെ പുറത്താക്കിയത്. സംസ്ഥാന സർക്കാരിനെതിരെ ഈ കേസിൽ സുപ്രീം കോടതി പിഴയും വിധിച്ചിരുന്നു. ഇന്ത്യപോലുള്ള രാജ്യങ്ങൾ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴാണ് അമേരിക്കയിലെ പരമോന്നത കോടതി തന്നെ തിരിച്ച് പോകുന്നത്.









0 comments