ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നു; മന്ത്രിമാരുടെ പ്രത്യേകാവകാശങ്ങൾ വെട്ടിക്കുറച്ച് ശ്രീലങ്ക

കൊളംബോ: ശ്രീലങ്കൻ സർക്കാർ മന്ത്രിമാരുടെ പ്രത്യേക ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉന്നൽ നൽകാനാണ് പുതിയ നയമെന്ന് പ്രസിഡന്റ് അനുര കുമാര ദിസ്‌നായകെ വ്യക്തമാക്കി.
വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ കാബിനറ്റ്, ഡെപ്യൂട്ടി മന്ത്രിമാർക്ക് രണ്ട് ഔദ്യോഗിക വാഹനങ്ങളായി പരിമിതപ്പെടുത്തി. മന്ത്രിമാരുടെ ഇന്ധന അലവൻസുകളിലും ഓഫീസ്, റെസിഡൻഷ്യൽ, മൊബൈൽ ഫോൺ ചെലവുകൾകടൊയി പ്രതിമാസം നൽകുന്ന പണത്തിലും പരിധി നിശ്ചയിച്ചു. പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം കാബിനറ്റ് മന്ത്രിമാർക്ക് 15 ആയും സഹമന്ത്രിമാർക്ക് 12 ആയും പരിമിതപ്പെടുത്തി.
കുടുംബാംഗങ്ങളെയോ അടുത്ത ബന്ധുക്കളെയോ പ്രൈവറ്റ് സെക്രട്ടറി, കോർഡിനേറ്റിംഗ് സെക്രട്ടറി, മീഡിയ സെക്രട്ടറി, പബ്ലിക് റിലേഷൻസ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിയമിക്കാനാവില്ല. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയോട് ഔദ്യോഗിക വസതി ഒഴിയാനും വ്യക്തിഗത സുരക്ഷ ഉപേക്ഷിക്കാനും സമ്മർദ്ദം ചെലുത്തിയതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് നിയന്ത്രണങ്ങൾ.
രാജപക്‌സെയുടെ സുരക്ഷക്കായി 300-ലധികം ഉദ്യോഗസ്ഥരെ നിയമിച്ചതിൽ നിന്ന് 60 ആയി നിജപ്പെടുത്തി. ഈ ആഴ്ച ആദ്യം നടന്ന ഒരു പൊതു റാലിയിൽ രണ്ട് തവണ രാജപക്‌സെ വിലയേറിയ ഒരു സർക്കാർ വസതി കൈവശപ്പെടുത്തിയിരുന്നു.









0 comments