അനിശ്ചിതത്വത്തിന് വിരാമം; ശുഭാംശു ബുധനാഴ്ച ബഹിരാകാശത്തേക്ക്

ഫ്ലോറിഡ: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്ര ബുധനാഴ്ച ബഹിരാകാശത്തേക്ക് പറക്കും. ഇന്ത്യന്‍ സമയം 12.01ന് ഫ്ലോറിഡയിലെ കെനഡി സ്പേസ് സെന്ററില്‍ നിന്നാകും വിക്ഷേപണം. നേരത്തെ വിവിധ കാരണങ്ങളാല്‍ അഞ്ചു തവണയാണ് വിക്ഷേപണം മാറ്റിയത്.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് യാത്ര. സ്പേയ്‌സ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ശുക്ലയും സംഘവുമായി കുതിക്കുക. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് അവർ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തുക. അമേരിക്കൻ കമ്പനിയായ ആക്സിയം സ്പേസ്, നാസ, സ്പേയ്‌സ്എക്സ്, ഐഎസ്‌ആർഒ എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം.
ആക്സിയം- 4 മിഷന്റെ ഭാഗമായി ശുക്ലയ്‌ക്കൊപ്പം മൂന്നു പേർകൂടി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുണ്ട്. നാസയുടെ മുൻ ബഹിരാകാശയാത്രികയും ആക്സിയം സ്പേയ്‌സിന്റെ ഹ്യൂമൻ സ്പേയ്‌സ് ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ ആണ് കമാൻഡർ. ശുഭാൻശു ശുക്ല പൈലറ്റും. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പോളിഷ് പ്രോജക്ട് ബഹിരാകാശയാത്രികനായ സ്വാവോസ് ഉസ്‌നാൻസ്‌കി-വിസ്‌നിവസ്‌കി, ഹംഗറിയിൽനിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റുള്ളവർ.
ശുക്ലയും സംഘവും നിലയത്തിൽ പ്രവേശിച്ച് 14 ദിവസം നിലയത്തിൽ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയശേഷം മടങ്ങും. മെക്രോ ഗ്രാവിറ്റിയെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങളാണിവ. രാകേഷ് ശർമയ്‌ക്ക് ശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യാക്കാരനാണ് ശുക്ല. നാസയുടെ ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനും.
0 comments