സിറിയയിൽ സുരക്ഷാ സേനയും അസദ് അനുകൂലികളും ഏറ്റുമുട്ടി; 70 പേർ കൊല്ലപ്പെട്ടു: റിപ്പോർട്ട്

ഡമാസ്കസ്: സിറിയയിൽ സുരക്ഷാ സേനയും അസദ് അനുകൂലികളും തമ്മിൽ ഏറ്റുമുട്ടൽ. 70 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഡിസംബറിൽ ഇസ്ലാമിക വിമതർ ബഷാർ അൽ അസദ് സര്‍ക്കാരിനെ അട്ടിമറിച്ചതിന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളിൽ ഒന്നാണിത്.
സിറിയയിലെ മെഡിറ്ററേനിയൻ തീരത്ത് ലതാകിയ, ടാർട്ടസ് പ്രവിശ്യകളിലാണ് പ്രക്ഷോഭം നടന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ലതാകിയ പ്രവിശ്യയിലെ ജബ്ലെയിൽ അസദ് അനുകൂലികളെ തുരത്താൻ സുരക്ഷാ സേന നടപടികൾ ആരംഭിച്ചപ്പോഴാണ് പ്രക്ഷോഭമുണ്ടായത്. തുടർന്ന് സുരക്ഷാ സേനയും അസദ് അനുകൂലികളും ഏറ്റ്മുട്ടുകയായിരുന്നു.
സർക്കാർ സൈന്യം ലതാകിയയിലെ ഒരു ഗ്രാമത്തിൽ ഹെലികോപ്റ്റർ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. സമാധാനപരമായ പ്രതിഷേധക്കാരെ ലക്ഷ്യമിട്ടാണ് സർക്കാർ ആക്രമണം നടത്തിയതെന്ന് അലവൈറ്റ് സമുദായ നേതാക്കൾ ആരോപിച്ചു. നേരത്തെ 48 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ 16 സുരക്ഷാ ഉദ്യോഗസ്ഥരും 28 അസദ് അനുകൂലികളും ഉൾപ്പെടുന്നു.
ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ജബ്ലെയിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ജബ്ല മേഖലയിലേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.









0 comments