ഹൂതി ആക്രമണം: ചെങ്കടലില്‍ കപ്പൽ മുങ്ങി; ഇന്ത്യക്കാരന്‍ അടക്കം 10 നാവികരെ രക്ഷപ്പെടുത്തി, 11 പേരെ കാണാനില്ല

വീഡിയോ സ്ക്രീൻഷോട്ട്
അനസ് യാസിൻ
Published on Jul 10, 2025, 10:42 PM | 1 min read
മനാമ : യമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ എറ്റേണിറ്റി സി എന്ന ചരക്ക് കപ്പലിലെ 10 ജീവനക്കാരെ രക്ഷപ്പെടുത്തി. ഒരാൾ ഇന്ത്യക്കാരനായ സെക്യൂരിറ്റി ഗാർഡും എട്ടുപേർ ഫിലിപ്പീൻസുകാരും ഒരാൾ ഗ്രീക്ക് സ്വദേശിയുമാണ്. 11 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിൽ ആറുപേരെ ഹൂതികൾ പിടികൂടിയതായി കരുതുന്നുവെന്ന് സമുദ്ര സുരക്ഷാ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ 25 അംഗ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരിൽ മൂന്ന് പേർ ഫിലിപ്പീൻസുകാരും ഒരാൾ റഷ്യക്കാരനുമാണ്. ഈ ആഴ്ച ഹൂതികൾ മുക്കിയ രണ്ടാമത്തെ കപ്പലാണ് എറ്റേണിറ്റി സി. ഞായറാഴ്ചത്തെ ആക്രമണത്തിൽ ഗ്രീക്ക് ഉടമസ്ഥതയിലുള്ള മാജിക് സീ എന്ന കപ്പൽ മുങ്ങിയിരുന്നു. ഇതിലെ ജീവനക്കാരെ രക്ഷപ്പെടുത്തി.
സൂയസ് കനാലിലേക്ക് നീങ്ങുകയായിരുന്ന ലൈബീരിയന്‍ പതാക വഹിച്ച എറ്റേണിറ്റി സി ചരക്ക് കപ്പല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി രണ്ടു തവണയാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ, ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവത്തെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതി വക്താവ് യഹിയ സാരി പറഞ്ഞു.









0 comments