പ്രതികാര നടപടിയിൽ പങ്കാളിയാവാൻ ആവശ്യപ്പെട്ട് ട്രംപ്; പ്രശ്നം സങ്കീർണ്ണമാക്കരുത് എന്ന മുന്നറിയിപ്പുമായി ചൈന

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ ഉപരോധ യുദ്ധത്തിനെതിരെ പരസ്യ പ്രതികരണവുമായി ചൈന. രാജ്യങ്ങളുടെ ഐക്യവേദിയായ നാറ്റോയിലും ജി7 കൂട്ടായ്മയിലും ഉപരോധങ്ങളിൽ പങ്കാളിയാവാനുള്ള ഡൊണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള നിർബന്ധ വാദങ്ങൾക്ക് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
യുദ്ധങ്ങളിൽ ചൈന പങ്കെടുക്കുന്നില്ലെന്നും ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുകയെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു.
ചൈന യുദ്ധങ്ങളിൽ പങ്കെടുക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യുന്നില്ലെന്ന് വാങ് യി വ്യക്തമാക്കി. സ്ലൊവേനിയ സന്ദർശനത്തിനിടെ റോയിട്ടേഴ്സിനോടാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ വാക്കുകൾ. യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും ഉപരോധങ്ങൾ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താൻ നാറ്റോ സഖ്യകക്ഷികളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തി. ജി7 രാജ്യങ്ങളോടും ചൈനയ്ക്കും ഇന്ത്യയ്ക്കും 100 ശതമാനം പ്രതികാര ചുങ്കം പിന്തുടരാൻ കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടു. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ എന്നിവയെ പേരെടുത്ത് പറഞ്ഞു. യൂറോപ്യൻ യൂണിയനെയും സമ്മർദ്ദത്തിലാക്കാൻ നീക്കം തുടുരന്നു.
ശനിയാഴ്ച നാറ്റോ രാജ്യങ്ങൾക്ക് അയച്ച കത്തിലാണ് ട്രംപ് തീരുവ ചുമത്താൻ ആവശ്യപ്പെട്ടത്. നാറ്റോ രാജ്യങ്ങൾ മോസ്കോയുമായുള്ള വിലപേശൽ ശക്തി ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ചു. നാറ്റോ അംഗവും യുക്രൈന്റെ അയൽരാജ്യവുമായ പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിച്ച് റഷ്യൻ ഡ്രോണുകൾ പറന്നെത്തിയത് അവസരമാക്കിയാണ് ട്രംപ് നീക്കം നടത്തിയത്.
റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നത് നിർത്താനും റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താനും കത്തിൽ ട്രംപ് ആവശ്യപ്പെടുന്നുണ്ട്. നാറ്റോരാജ്യങ്ങളെല്ലാം അംഗീകരിക്കുകയാണെങ്കിൽ റഷ്യയ്ക്കെതിരേ കൂടുതൽ ഉപരോധമേർപ്പെടുത്താൻ യുഎസ് തയ്യാറാണെന്നും പറഞ്ഞു.
നാറ്റോ അംഗമായ തുർക്കിയാണ് റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണവാങ്ങുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്ത്. ചൈനയും ഇന്ത്യയുമാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ. ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്.
ആവർത്തിച്ചുള്ള ഭീഷണികൾക്കിടയിലും, മോസ്കോയ്‌ക്കെതിരെ തനിയെ ഉപരോധം ഏർപ്പെടുത്താൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. ഉക്രെയിൻ യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവും വലിയ വ്യോമാക്രമണം നടത്തിയതിന് ശേഷവും ഇതേ നിലപാടായിരുന്നു.









0 comments