ഉക്രയ്‌ൻ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ; ലക്ഷ്യത്തിലെത്തണം

മോസ്‌കോ : ഉക്രയ്‌നിൽ സമാധാനചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ ലക്ഷ്യങ്ങൾ കൈവരിക്കണമെന്നും റഷ്യ. ചർച്ചകൾ സമാധാനപരമായ പരിസമാപ്തിയിലെത്തിക്കാനുള്ള ആഗ്രഹം പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആവർത്തിച്ച് വ്യക്തമാക്കി. എന്നാൽ, ദീർഘമായ പ്രക്രിയ ഒട്ടും എളുപ്പമല്ലെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാചാടോപങ്ങൾ ലോകത്തിന് ഇപ്പോൾ ശീലമായിക്കഴിഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു.
അമ്പതുദിവസത്തനകം ഉക്രയ്‌നിൽ സമാധാനത്തിലെത്തിയില്ലെങ്കിൽ റഷ്യക്കും വ്യാപാരപങ്കാളികൾക്കും നൂറു ശതമാനം ദ്വിതീയ തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. അതേസമയം, പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ ഉക്രയ്‌നിന് നാറ്റോയുടെ ചെലവിൽ കൂടുതൽ ആയുധങ്ങൾ എത്തിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉക്രയ്‌നിന്റെ 142 ഡ്രോൺ വീഴ്‌ത്തി
കഴിഞ്ഞരാത്രി ഉക്രയ്‌നിന്റെ 142 ഡ്രോണുകൾ വീഴ്‌ത്തിയതായി റഷ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ 27 എണ്ണം തലസ്ഥാനനഗരത്തിലെത്തിയതാണ്. റഷ്യയുടെ യൂറോപ്യൻ ഭാഗത്തെ നിരവധി പ്രദേശങ്ങളിലും കരിങ്കടലിന് മുകളിലും ഡ്രോണുകൾ വെടിവച്ചിട്ടതായാണ് റിപ്പോർട്ട്. മോസ്‌കോയിലേക്ക് പോയ നാല് ഡ്രോണുകൾ ഞായറാഴ്‌ച രാവിലെ വെടിവച്ചതായി മേയർ സെർജി സോബിയാനിൻ പറഞ്ഞു.
മോസ്‌കോയിലെ നാല് പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ഡ്രോണുകൾ തടസ്സപ്പെടുത്തിയതായി റഷ്യയുടെ വ്യോമയാന നിരീക്ഷണ ഏജൻസിയായ റോസാവിയസ്യ അറിയിച്ചു. 134 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.









0 comments