'യുദ്ധമാണെങ്കിലും തയാർ'; ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരെ തിരിച്ചടിച്ച് ചൈന

വാഷിങ്ടൺ: അമേരിക്കയുടെ താരിഫ് നയങ്ങൾക്കെതിരെ പ്രതികരിച്ച് യുഎസിലെ ചൈനീസ് എംബസി. യുഎസ് ആഗ്രഹിക്കുന്ന ഏത് തരത്തിലുള്ള യുദ്ധത്തിലും "അവസാനം വരെ പോരാടാൻ" ബീജിംഗ് തയ്യാറാണ്. "യുഎസ് ആഗ്രഹിക്കുന്നത് യുദ്ധമാണെങ്കിൽ അതിനും തയാർ. അത് ഒരു താരിഫ് യുദ്ധമോ, ഒരു വ്യാപാരയുദ്ധമോ മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമോ ആകട്ടെ, അവസാനം വരെ പോരാടാൻ ഞങ്ങൾ തയ്യാറാണ്," എന്നും ചൈന അറിയിച്ചു. യു എസ് കോൺഗ്രസിനെ സംയുക്ത സെഷനിൽ ട്രംപ് നടത്തിയ തീരുവ ഭീഷണിക്ക് മറുപടിയായാണ് ചൈനീസ് എംബസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിപ്പ് പങ്കുവച്ചത്. യൂറോപ്യൻ യൂണിയൻ, ചൈന, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ കനത്ത തീരുവ ചുമത്തുന്ന ട്രംപിന്റെ നടപടികൾക്കെതിരെയായിരുന്നു പ്രതികരണം.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം നികുതി ചുമത്തിയത് ഇപ്പോൾ 20 ശതമാനമായി ഉയർത്തിയിരിക്കുകയാണ്. യുഎസിനെതിരെ ചൈന ലോക വ്യാപാര സംഘടനയ്ക്ക് പരാതി നൽകിയിട്ടുണ്ട്. അമേരിക്കയുടെ നികുതി നടപടികൾ ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഇത് ചൈന-യുഎസ് സാമ്പത്തിക, വ്യാപാര സഹകരണത്തിൻ്റെ അടിത്തറ തകർക്കുകയും ചെയ്യുന്നുവെന്ന് ബീജിംഗിലെ വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പതിറ്റാണ്ടുകളായി മറ്റ് രാജ്യങ്ങൾ യുഎസിനെതിരെ താരിഫ് ചുമത്തുന്നുണ്ട്. ഇന്ത്യ ഞങ്ങളോട് 100% അധികം ഓട്ടോ താരിഫ് ഈടാക്കുന്നു. നമ്മുടെ ഉൽപ്പന്നങ്ങൾക്കുള്ള ചൈനയുടെ ശരാശരി താരിഫ് നമ്മൾ ഈടാക്കുന്നതിൻ്റെ ഇരട്ടിയാണ്. ദക്ഷിണ കൊറിയയുടെ ശരാശരി താരിഫ് നാലിരട്ടി കൂടുതലാണ്. ഇപ്പോൾ മറ്റ് രാജ്യങ്ങൾക്കെതിരെ താരിഫ് ഉപയോഗിക്കാനുള്ള ഞങ്ങളുടെ ഊഴമാണിത് എന്നായിരുന്നു ട്രംപ് പറഞ്ഞത്.
കാനഡയിൽനിന്നും മെക്സിക്കോയിൽനിന്നുമുള്ള ഉൽപ്പനങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക ഇറക്കുമതിച്ചുങ്കം ഇന്നലെ അർധരാത്രി നിലവിൽവന്നു. കാനഡയിൽനിന്നുള്ള ഊർജ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം ചുങ്കവും ചുമത്തി. ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 10 ശതമാനം ചുങ്കം ഇരട്ടിയാക്കുകയും ചെയ്തു. ഇതോടെ, അമേരിക്കയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധികചുങ്കം ചുമത്തുമെന്ന് കാനഡ പ്രസിഡന്റ് ജസ്‌റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. 15,500 കോടി കനേഡിയൻ ഡോളർ മതിക്കുന്ന ഉൽപ്പന്നങ്ങൾക്ക് 21 ദിവസത്തിനുള്ളിൽ 25 ശതമാനം ചുങ്കം ഈടാക്കും. ഇതിൽ 3000 കോടി കനേഡിയൻ ഡോളറിന്റെ ഉൽപ്പന്നങ്ങൾക്ക് ചൊവ്വാഴ്ച മുതൽ ചുങ്കം ചുമത്തി. ട്രംപിന്റെ നടപടിക്ക് തക്ക മറുപടി നൽകുമെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷീൻബാം പറഞ്ഞു. ചുങ്കമായും അല്ലാതെയും തിരിച്ചടി നൽകും. ഞായറാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു









0 comments