വെനസ്വേലയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ
print edition പ്രകോപനം തുടർന്ന് യുഎസ് ; വെനസ്വേലയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ

കരീബിയൻ കടലിലെ യുഎസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കരാക്കസിൽ നടന്ന റാലി
കരാക്കസ്
കരീബിയൻ കടലിൽ വെനസ്വേലയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടർന്ന് അമേരിക്കൻ നാവിക സേന. ശനിയാഴ്‌ച ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നുമായെത്തിയ ബോട്ടിലുണ്ടായിരുന്നവരെയാണ് ആക്രമിച്ചതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്‌സേത്ത് ന്യായീകരിച്ചു. യുഎസ് നിരോധിച്ച ഭീകരസംഘടനയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് പീറ്റ് ഹേഗ്‌സേത്ത് ആരോപിച്ചെങ്കിലും സംഘടന ഏതെന്ന് വ്യക്തമാക്കിയില്ല.
മയക്കുമരുന്ന് കടത്തെന്ന പേരിൽ യുഎസ് സൈന്യം നടത്തുന്ന പതിനഞ്ചാമത്തെ ആക്രമണമാണിത്. സെപ്‌തംബറിനുശേഷം 64 പേരാണ് മേഖലയിൽ കൊല്ലപ്പെ ട്ടത്.
വെനസ്വേലയിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കൻ ചാരസംഘടന സിഐഎയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിഐഎയുടെ അട്ടിമറിശ്രമം ചെറുക്കുമെന്നും സിഐഎ ചാരൻമാരെ രാജ്യത്തുനിന്ന് ഇതിനകം പിടികൂടിയിട്ടുണ്ടെന്നും വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയും പ്രതികരിച്ചിരുന്നു.
പരമാവധി പ്രകോപനം സൃഷ്‌ടിച്ചും മയക്കുമരുന്ന് കടത്തെന്ന പുകമറ സൃഷ്‌ടിച്ചും വെനസ്വേലയിൽ കടന്നുകയറി ആക്രമിക്കാനാണ് യുഎസ് നീക്കം. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് കരീബിയൻ തീരത്ത് തങ്ങുകയാണ്. യുഎസിന്റെ ബി വൺ ലാൻസർ ബോംബർ സൂപ്പർസോണിക് വിമാനം വെനസ്വേലൻ തീരത്ത് പരിശീലന പറക്കൽ നടത്തിയും പ്രകോപനം സൃഷ്‌ടിച്ചു.
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലും യുഎസ് യുദ്ധക്കപ്പൽ നങ്കൂരമിട്ടിട്ടുണ്ട്. അമേരിക്കയ്‌ക്ക് താവളം നൽകിയതിൽ പ്രതിഷേധിച്ച് വെനസ്വേല ട്രിനിഡാഡ് ആൻഡ് ടൊബാഗോയുമായുള്ള ഉൗർജ കരാർ റദ്ദാക്കിയിരുന്നു.
വെനസ്വേലയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് റഷ്യ
കരീബിയൻ, പസിഫിക് മേഖലയിൽ അമേരിക്ക നടത്തുന്ന സൈനിക ആക്രമണങ്ങളെ ശക്തമായി അപലപിച്ച് റഷ്യ. മയക്കുമരുന്ന് കടത്തിന്റെ പേരിൽ മേഖലയിൽ അശാന്തി വിതയ്‌ക്കുന്നതും സംഘർഷം സൃഷ്‌ടിക്കുന്നതും അന്താരാഷ്‌ട്ര നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും അനുവദിക്കാനാകില്ലെന്ന് റഷ്യൻ വിദേശ വക്താവ് മരിയ സഖറോവ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കാനുള്ള വെനസ്വേലയുടെ ശ്രമങ്ങൾക്ക് റഷ്യ പൂർണ പിന്തുണ നൽകുമെന്നും അവർ പറഞ്ഞു.
അന്താരാഷ്‌ട്ര നിയമങ്ങൾക്ക് വിരുദ്ധമായി വെനസ്വേലയ്‌ക്ക് സമീപം യുദ്ധക്കപ്പലുകൾ വിന്യസിച്ച് പ്രകോപനം സൃഷ്‌ടിക്കുന്നതിനെതിരെ ക്യൂബ, കൊളംബിയ, കരീബിയൻ ദ്വീപ് രാജ്യമായ ബാർബഡോസ് തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തി. ലാറ്റിനമേരിക്കൻ, കരീബിയൻ രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ കമ്യൂണിറ്റി ഓഫ് ലാറ്റിൻ അമേരിക്കൻ ആൻഡ് കരീബിയൻ സ്റ്റേറ്റ്‌സും (സിഇഎൽഎസി) യുഎസ് നീക്കത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചു.









0 comments