പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം; ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരിക്ക്

പെഷവാർ : പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് ട്രെയിൻ പാളം തെറ്റി നിരവധിപേർക്ക് പരിക്ക്. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ സിന്ധ് പ്രവിശ്യയിലായിരുന്നു സംഭവം. പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് പാളം തെറ്റിയത്. സിന്ധിലെ ശിക്കാർപൂർ ജില്ലയിലെ സുൽത്താൻ കോട്ടിനടുത്തുള്ള സോമർവായ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനമുണ്ടായതിനു പിന്നാലെ ജാഫർ എക്സ്പ്രസിന്റെ അഞ്ച് ബോഗികൾ പാളം തെറ്റി. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പൊലീസും അർധ സൈനിക വിഭാഗവും സംഭവസ്ഥലത്തുണ്ട്.
സ്ഫോടനത്തിൽ റെയിൽവേ ട്രാക്കിലും കാര്യമായ കേടുപാടുകളുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുന്ന ജാഫർ എക്സ്പ്രസ് മുമ്പും അക്രമണത്തിനിരയായിട്ടുണ്ട്. ഈ വർഷം മാർച്ചിലുണ്ടായ ഗുരുതരമായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. 400ഓളം പേരുമായി പോയ ജാഫർ എക്സ്പ്രസ് ഒരു കൂട്ടം ഭീകരർ റാഞ്ചുകയായിരുന്നു. ശേഷം ഊ വർഷം തന്നെ ജൂണിലും സമാനമായ രീതിയിൽ സ്ഫോടനമുണ്ടായി ട്രെയിനിന്റെ ബോഗികൾ പാളം തെറ്റിയിരുന്നു. സെപ്തംബറിവും ബലൂചിസ്ഥാനിലെ മസ്തൂങ്ങിലെ ഡാഷ്ത് പ്രദേശത്ത് റെയിൽവേ ട്രാക്കിൽ ഉണ്ടായ സ്ഫോടനത്തിൽ ജാഫർ എക്സ്പ്രസിന്റെ ഒരു കോച്ച് തകരുകയും മറ്റ് ആറ് കോച്ചുകൾ പാളം തെറ്റുകയും ചെയ്തു. 12 യാത്രക്കാർക്ക് പരിക്കേറ്റു.
ആഗസ്തിൽ മാസ്റ്റുങ് ജില്ലയിൽ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ട്രെയിനിന്റെ ആറ് കോച്ചുകൾ പാളം തെറ്റി നാല് പേർക്ക് പരിക്കേറ്റു. ആഗസ്തിൽ തന്നെ ക്ലിയറൻസിനായി അയച്ച പൈലറ്റ് എഞ്ചിനു നേരെ വെടിവയ്പുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (BLA) ഏറ്റെടുത്തിരുന്നു.









0 comments