ഫ്ലോറിഡയിൽ ഇന്ത്യൻ നഴ്‌സിന് നേരെ വംശീയ അധിക്ഷേപവും ആക്രമണവും

LEELAMMA
വെബ് ഡെസ്ക്

Published on Mar 04, 2025, 05:25 PM | 1 min read

വാഷിങ്ടൺ: ഫ്ലോറിഡയിൽ ഇന്ത്യൻ നഴ്‌സിന് നേരെ വംശീയ അധിക്ഷേപവും ആക്രമണവും. ഫ്ലോറിഡ പാംസ് വെസ്റ്റ് ഹോസ്പിറ്റൽ സൈക്യാട്രിക് വാർഡിൽ നഴ്സായ ലീലാമ്മ ലാലിന്(67) നേരെയാണ് ആക്രമണമുണ്ടായത്. 33 കാരനായ സ്റ്റീഫൻ സ്കാൻ്റിൽബറി എന്ന അമേരിക്കൻ വംശജനാണ് അക്രമി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആശുപത്രിയിലെ മനോരോ​ഗ വിഭാ​ഗത്തിൽ ചികിത്സയിലുള്ള ആളാണ് സ്റ്റീഫൻ.


"തലച്ചോറിൽ ഇടയ്ക്കിടെ രക്തസ്രാവമുണ്ടായിരുന്നു. മുഖത്തിൻ്റെ വലതുഭാഗം പൂർണ്ണമായും തകർന്നു. തീവ്ര പരിചരണ വിഭാ​ഗത്തിലാണ്. മുഖത്ത് ധാരാളം ചതവുകളും കണ്ണുകളിൽ വീക്കവും ഉണ്ടായിരുന്നു. ശരിക്കും തിരിച്ചറിയാൻ കഴിയത്ത നിലയിലാണ്"- ലീലാമ്മയുടെ മകൾ സിനി ജോസഫ് പറഞ്ഞു.


ഫെബ്രുവരി 19-നാണ് ലീലാമ്മയ്ക്ക് നേരെ ആക്രമണവും വംശീയ അധിക്ഷേപവുമുണ്ടായത്. ഇന്ത്യക്കാരെല്ലാം മോശമാണ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ലീലാമ്മയ്ക്ക് ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റു. മുഖത്തെ എല്ലുകളിൽ ഒന്നിലധികം ഒടിവുകളുണ്ട്. പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിലെ സർജൻ്റായ ബെത്ത് ന്യൂകോംബ് ആണ് വംശീയ വിദ്വേഷത്തെ തുടർന്നുണ്ടായ ആക്രമണത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ടത്. പാം ബീച്ച് കൗണ്ടി കോർട്ട്‌ഹൗസിലെ സർക്യൂട്ട് കോടതിയിൽ സ്റ്റീഫനെതിരെ ബെത്ത് ന്യൂകോംബ് മൊഴി നൽകിയിട്ടുണ്ട്.


സ്റ്റീഫൻ ലീലാമ്മയെ മർദിച്ച് അവശയാക്കിയെന്നും ​ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ടെന്നുമാണ് ബെത്തിന്റെ വെളിപ്പെടുത്തൽ. സംഭവത്തിന് തൊട്ടുപിന്നാലെ സ്റ്റീഫനെ അറസ്റ്റ് ചെയ്തു. വംശീയ അധിക്ഷേപം, കൊലപാതകശ്രമം എന്നിവയ്ക്ക് കേസ് ചാർജ് ചെയ്തിട്ടുണ്ട്. ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


ആക്രമണത്തിന് ശേഷം ലീലാമ്മയെ പിന്തുണച്ച് ആശുപത്രികളിൽ കർശനമായ സുരക്ഷാ നടപടികൾ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ രണ്ട് ദിവസത്തിനുള്ളിൽ 9,500 പേരാണ് ഒപ്പുവച്ചത്.


സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷനും ആക്രമണത്തെ അപലപിച്ചു. ഇത് എല്ലാ ആരോ​ഗ്യ പ്രവർത്തകരെയും ബാധിക്കുന്ന കാര്യമാണ്. ജീവനക്കാരെ സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങളില്ല. അതിനാൽ ഇന്ത്യൻ ആരോ​ഗ്യ പ്രവർത്തകർക്ക് അപകടസാധ്യതയുണ്ടെന്നും അത് പരിഹരിക്കാൻ നിയമ നിർമാണം വേണമെന്നും ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഉപദേശക ബോർഡ് ചെയർ ഡോ. മഞ്ജു സാമുവൽ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Home