ഉക്രയ്നിൽ ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: ഉക്രയ്നിലെ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഏകപക്ഷീയമായ ഈസ്റ്റർ വെടിനിർത്തൽ പ്രഖ്യാപിച്ചു. ശനിയാഴ്‌ച വൈകിട്ട് ആറു മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ് വെടിനിർത്തിയതെന്ന് റഷ്യൻ സൈനിക മേധാവി വലേരി ജെറാസിമോവിനോട് സംസാരിക്കവെ പുടിൻ പറഞ്ഞു.
ഉക്രയ്ൻ റഷ്യയുടെ മാതൃക പിന്തുടരുമെന്ന് കരുതുന്നുവെന്ന് പുടിൻ പറഞ്ഞു. വെടിനിർത്തൽ ഘട്ടത്തിലെ പ്രവൃത്തി സമാധാനപരമായ ഒത്തുതീർപ്പിനുള്ള സന്നദ്ധത പ്രകടമാക്കും. ഉക്രയ്ൻ വെടിനിർത്തൽ ലംഘനം നടത്തിയാൽ ചെറുക്കാൻ സൈന്യത്തെ സജ്ജരാക്കാനും ജെറാസിമോവിനോട് പുടിൻ നിർദ്ദേശിച്ചു. റഷ്യയുടെ നിലപാടിനോട് ഉക്രയ്ൻ പ്രതികരിച്ചിട്ടില്ല.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺസംഭാഷണത്തിൽ ഉക്രയ്നിലെ ഊർജ അടിസ്ഥാനസൗകര്യ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം 30 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ പുടിൻ സമ്മതിച്ചിരുന്നു.









0 comments