പോപ്പ് ഫ്രാൻസിസ്‌; ക്രൈസ്‌തവ–മുസ്ലീം സൗഹൃദത്തിന്റെ പതാകവാഹകൻ

pope francis

PHOTO: X/@popefrancis

avatar
AKSHAY K P

Published on Apr 21, 2025, 04:52 PM | 1 min read

ഫ്രാൻസിസ്‌ മാർപാപ്പയെ സ്‌നേഹത്തിന്റെ സന്ദേശവാഹകനായാണ് പൊതുവെ വിശേഷിപ്പിക്കാറ്. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ്‌ ഇതിന്റെ പ്രധാന കാരണം.
2019-ൽ യുഎഇയിലെത്തിയ പോപ്പ്‌, അറബ്‌ രാഷ്‌ട്രങ്ങൾ സന്ദർശിച്ച ആദ്യ മാർപാപ്പയായി മാറി. പ്രമുഖ ഇസ്ലാമിക്‌ കേന്ദ്രമായ അൽ അസറിന്റെ ഗ്രാൻഡ്‌ ഇമാം അഹ്‌മദ് എൽ-തയ്യിബുമായി ചേർന്ന്‌ ‘ഡോക്യുമെന്റ്‌ ഓൺ ഹുമൺ ഫ്രറ്റേണിറ്റി’ എന്ന രേഖയിൽ ഒപ്പുവച്ചത്‌ സമാധാനവും സൗഹൃദവും പ്രോത്സാഹിപ്പിക്കാനുള്ള ശക്തമായ സന്ദേശമായി മാറിയിരുന്നു.


കോവിഡ്‌ 19 വ്യാപനത്തിനിടെ 2021ലായിരുന്നു മാർപാപ്പയുടെ ഇറാഖ്‌ സന്ദർശനം. അവിടെ വച്ച്‌ ഷിയ നേതാവ്‌ ഗ്രാൻഡ് അയതൊള്ളാഹ് അലി അൽ-സിസ്താനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മതസൗഹാർദ്ദത്തിനുള്ള ആഹ്വാനമായിരുന്നു ആ കൂടിക്കാഴ്‌ച. മുസ്ലീംവിരോധമനോഭാവത്തെ വിമർശിച്ച മാർപാപ്പ മതത്തെ ഹിംസയ്‌ക്കുള്ള കാരണമായി നിർവചിക്കരുതെന്നും അന്ന്‌ പറഞ്ഞു.


ജൂത, ഹിന്ദു, ബുദ്ധ, ആദിവാസി വിഭാഗങ്ങളുമായും പോപ്‌ ഫ്രാൻസിസ്‌ സൗഹൃദം പുലർത്തി. ജൂതമത നേതാക്കളുമായി നിരന്തരബന്ധം പുലർത്തിയ അദ്ദേഹം ഹോളോകോസ്റ്റ് ഇരകളെ അനുസ്മരിക്കുകയും ആന്റിസെമിറ്റിസത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ദയ, നീതി എന്നീ ആശയങ്ങൾ എല്ലാ മതങ്ങളിലും പങ്കുവെക്കുന്ന മൂല്യങ്ങളാണ് എന്നും അദ്ദേഹം വാദിച്ചു. 2016 മാർച്ചിൽ റോമിൽ വച്ച്‌ ക്രിസ്‌ത്യൻ അഭയാർഥികളോടൊപ്പം മുസ്ലീം, ഹിന്ദു അഭയാർഥികളുടെയും കാൽ കഴുകി മുത്തമിട്ട പോപ്പ്‌ ലോക മതമൈത്രിയുടെ തന്നെ അടയാളമായി മാറി.


‘ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം’– സ്‌നേഹത്തിന്റെ പാപ്പ എന്നറിയപ്പെട്ട ഫ്രാൻസിസ്‌ മാർപാപ്പയുടെ അവസാനത്തെ സന്ദേശത്തിലെ വാക്കുകളാണിത്‌. ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ടപ്പോഴാണ് വെടിനിർത്തൽ വേണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടത്. വിശ്വസികൾക്കും അല്ലാത്തവർക്കും ഒട്ടും ഞെട്ടലുണ്ടാക്കത്തതായിരുന്നു ആ പ്രസ്‌താവന, ദൈവത്തിന്റെ ഇടയനായും അല്ലാതെയും 88 വർഷക്കാലം ജീവിച്ച പോപ്പ്‌ തന്റെ ജീവിതത്തിലുടനീളം പുലർത്തിയ രാഷ്‌ട്രീയബോധ്യം തന്നെയാണ്‌ അതിന്റെ കാരണം.


മതസൗഹാർദ്ദത്തിനും ആഗോള ഐക്യത്തിനും വേണ്ടി പ്രവർത്തിച്ച ഒരു വൈദികനെയാണ്‌ പോപ്പ്‌ ഫ്രാൻസിസിന്റെ വിയോഗത്തോടെ ലോകത്തിന്‌ നഷ്ടമായത്‌. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പായ ഫ്രാൻസിസ് മതമൈത്രിയെയും പരസ്പര ബഹുമാനത്തെയും വളരെ പ്രാധാന്യത്തോടെയാണ്‌ പരിഗണിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home