ഹൃദയങ്ങളിൽ തുടരും

റോഷി അഗസ്റ്റിൻ
Published on Apr 27, 2025, 12:00 AM | 1 min read
സ്‌നേഹത്തിലലിഞ്ഞ
യാത്രയയപ്പ്
ലോകജനതയുടെ നന്മയ്‌ക്കായി പ്രവർത്തിച്ച പാപ്പ സ്‌നേഹംകൊണ്ട് ലോകത്തെത്തന്നെ കീഴടക്കി എന്നതിന് തെളിവായി അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകൾ. കേരളത്തിന്റെ പ്രതിനിധിയായി മന്ത്രിസഭ എന്നെ ചുമതലപ്പെടുത്തിയപ്പോൾ അവിശ്വസനീയമായി തോന്നി. ചടങ്ങുകൾ നടന്ന സെന്റ് പീറ്റേഴ്‌സ് ചത്വരം ലോകരാഷ്ട്രങ്ങളുടെ സംഗമഭൂമിയായി മാറി. ഇന്ത്യൻ രാഷ്‌ട്രപതിയും മറ്റു രാഷ്‌ട്രത്തലവന്മാരും നയതന്ത്രജ്ഞരും വിവിധ മതമേലധ്യക്ഷന്മാരും സന്നിഹിതരായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ വിശാലമായ കാഴ്‌ചപ്പാടും സ്‌നേഹസാന്ദ്രമായ പെരുമാറ്റവും കൊണ്ടാവും ഇത്രയേറെ പേർ ഇവിടെ എത്തിയത്.
ലോകത്തിന്റെ വിവിധ കോണുകളിലെ ലക്ഷോപലക്ഷം വിശ്വാസികളും ലോകനേതാക്കളുമാണ് ഇവിടെ എത്തിയത്. രാവിലെ 4.40 മുതൽ വിശ്വാസികളുടെയും വൈദികരുടെയും ലോകനേതാക്കളുടേയും പ്രവാഹമായിരുന്നു. ശനി രാവിലെ 9.30ന് ജപമാല പ്രാർഥന ആരംഭിച്ചു. 10ന് ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചു. ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങിനുശേഷം മൃതദേഹവും വഹിച്ച് മാതാവിന്റെ ദേവാലയത്തിലേക്ക് യാത്രയായി. പാപ്പ എവിടെ പോകുമ്പോഴും തിരിച്ചെത്തുമ്പോഴും മാതാവിന്റെ ദേവാലയത്തിലെത്തി പ്രാർഥിച്ചിരുന്നു. മൃതദേഹം നീങ്ങുന്ന സമയത്ത് പാപ്പയെ ജനങ്ങൾ കൈയടിച്ച് യാത്രയാക്കുന്നത് കാണാമായിരുന്നു.
ചടങ്ങുകൾക്ക് വലിയ കർദിനാൾമാർ നേതൃത്വം നൽകി. ജാതി–മത–വർഗ ചിന്തകൾക്കപ്പുറത്ത് എല്ലാവരും എത്തി. മതങ്ങൾ അതിർവരമ്പുകൾ സൃഷ്‌ടിക്കരുതെന്നും സ്‌നേഹസാന്ദ്രമായ ജീവിതമാണ് വേണ്ടതെന്നുമുള്ള അദ്ദേഹത്തിന്റെ സന്ദേശത്തെ അർഥവത്താക്കുംവിധമായിരുന്നു ഓരോ ചടങ്ങും. സമൂഹത്തിനുവേണ്ടി ഒരു മനുഷ്യായുസുതന്നെ മാറ്റിവച്ച ഫ്രാൻസിസ് മാർപാപ്പയ്‍ക്ക് ലോകവും വിശ്വാസികളും സ്‌നേഹത്തിലലിഞ്ഞ യാത്രയയപ്പ് നൽകുന്ന കാഴ്‌ച അവിസ്‌മരണീയമായി.









0 comments