മാനവികതയുടെ ഇടയനെ കാത്ത് ലോകം


ഫാ. പോൾ സണ്ണി
Published on May 07, 2025, 01:33 AM | 2 min read
ആഗോള കത്തോലിക്കാ സഭയുടെ പുതിയ വലിയ ഇടയനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ബുധനാഴ്ച തുടങ്ങാനിരിക്കെ, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആരെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ഫ്രാൻസിസിന് പിന്നാലെ യൂറോപ്പിന് പുറത്തുനിന്നുള്ള മാർപാപ്പ, വളരെക്കാലത്തിനുശേഷം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്നൊരു വലിയ ഇടയൻ.. തുടക്കത്തിലെ ചർച്ചകൾ വഴിതിരിഞ്ഞ് വന്നുനിൽക്കുന്നത് ഒറ്റച്ചോദ്യത്തിലാണ്- ഫ്രാൻസിസിനെപ്പോലെ ക്രിസ്തീയ വിശ്വാസത്തിനൊപ്പം മാനവികതയും സമഭാവനയും ഉയർത്തിപ്പിടിക്കുമോ, പുതിയ മാർപാപ്പ?
ഫ്രാൻസിസ് മാര്‍പാപ്പ തുടങ്ങിവച്ച നവീകരണങ്ങൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതായിരുന്നു കോൺക്ലേവിന് മുന്നോടിയായി വത്തിക്കാനിൽ ചൊവ്വാഴ്ച നടന്ന കർദിനാൾമാരുടെ യോഗത്തിലെ പ്രധാന ചർച്ച. മാധ്യമങ്ങൾ സാധ്യത പ്രവചിച്ചവർതന്നെയാകണമെന്നില്ല പുതിയ മാർപാപ്പയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 71 രാഷ്ട്രങ്ങളിൽനിന്നായി 80 വയസ്സിൽ താഴെയുള്ള 133 കർദിനാൾമാർക്കാണ് കോൺക്ലേവിൽ വോട്ടവകാശം ഉള്ളത്. ജയിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം- 89 വോട്ട്.
കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാർ ചൊവ്വ വൈകിട്ടോടെ സാന്ത മാർത്ത അതിഥി മന്ദിരത്തിലേക്ക് താമസം മാറി. ബുധൻ രാവിലെ പ്രത്യേക കുർബാനയുണ്ടാകും. പ്രാദേശിക സമയം പകൽ 3.45ന് (ഇന്ത്യൻ സമയം രാത്രി 7.15) കർദിനാൾമാരെ ക്വയർ വസ്ത്രത്തിൽ പേപ്പൽ കൊട്ടാരത്തിലേക്ക് കൊണ്ടുവരുന്നതോടെ കോൺക്ലേവിന് ഔദ്യോഗിക തുടക്കമാകും. വ്യാഴം പ്രാദേശിക സമയം രാവിലെ 7.45ന് (11.15) കർദിനാൾമാരെ സാന്ത മാർത്തയിൽനിന്ന് പേപ്പൽ കൊട്ടാരത്തിലേക്ക് കൊണ്ടുവരും. പോളീൻ ചാപ്പലിൽ പ്രത്യേക കുർബാനയ്ക്കും സിസ്‌റ്റെയ്‌ൻ ചാപ്പലിലെ പ്രാർഥനയ്ക്കും ശേഷം ആദ്യ വോട്ടെടുപ്പ്. വിജയകരമെങ്കിൽ പ്രാദേശിക സമയം രാവില 10.30ന് (പകൽ രണ്ട്) വെള്ളപ്പുക കാണും. പരാജയമെങ്കിൽ 12ന് (പകൽ 3.30) കറുത്ത പുക ഉയരും.
തുടർന്ന് വിശ്രമത്തിന് മടങ്ങുന്ന കർദിനാൾമാർ തിരിച്ചെത്തി വൈകിട്ട് 4.30ന് (രാത്രി എട്ട്) വീണ്ടും വോട്ടെടുപ്പ് നടത്തും. വിജയമെങ്കിൽ 5.30നും (രാത്രി ഒമ്പത്) പരാജയമെങ്കിൽ ഏഴിനും (രാത്രി 11.30) പുക ഉയരും.
ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർഥിയോട് മാർപാപ്പയുടെ സ്ഥാനം സ്വീകരിക്കാൻ തയ്യാറാണോ എന്ന് ചോദിക്കുന്ന ചടങ്ങുണ്ട്. സമ്മതിക്കുകയാണെങ്കിൽ അദ്ദേഹം പുതിയ സ്ഥാനപ്പേര് സ്വീകരിക്കുകയും പാപ്പൽ വസ്ത്രം ധരിക്കുകയും ചെയ്യും. സിസ്‌റ്റെയ്‌ൻ ചാപ്പലിനോട് ചേർന്നുള്ള "കണ്ണുനീർ മുറി'യിൽ അദ്ദേഹം അൽപ്പനേരത്തേക്ക് സ്വയം അടച്ചിരിക്കും. ഇതാണ് ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുംമുമ്പ് മാർപാപ്പയ്ക്ക് ലഭിക്കുന്ന സ്വകാര്യനിമിഷം. മണിക്കൂറുകൾക്കുള്ളിൽ അവസാനിച്ചതുമുതൽ രണ്ടുവർഷവും ഒമ്പതുമാസവും നീണ്ട മാര്‍പാപ്പ തെരഞ്ഞെടുപ്പുകൾ വരെ സഭാ ചരിത്രത്തിൽ ഉണ്ട്.
പുതിയ മാര്‍പാപ്പയെ കാണാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തുകയാണ്.
വത്തിക്കാനിൽ നിന്ന് ഫാ. പോൾ സണ്ണി









0 comments