ഏഴിന്‌ കോൺക്ലേവ്‌ ആരംഭിക്കും ; കർദിനാൾമാർ നാളെ വത്തിക്കാനിലെ 
അതിഥിമന്ദിരത്തിലേക്ക്‌ 
താമസം മാറ്റും

പാപ്പ തെരഞ്ഞെടുപ്പിന്‌ ഒരുങ്ങി വത്തിക്കാൻ ; സിസ്‌റ്റെയ്‌ൻ ചാപ്പലിൽ അന്തിമ ഒരുക്കങ്ങള്‍

pope election vatican
വെബ് ഡെസ്ക്

Published on May 05, 2025, 03:09 AM | 1 min read

വത്തിക്കാൻ സിറ്റി

പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള ബിഷപ്പുമാരുടെ കോൺക്ലേവ്‌ ബുധനാഴ്ച ആരംഭിക്കാനിരിക്കെ, വത്തിക്കാനിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഫ്രാൻസിസ്‌ മാർപാപ്പയുടെ കബറടക്കത്തെ തുടർന്ന്‌ പ്രഖ്യാപിച്ച ഒമ്പത്‌ ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഞായറാഴ്ച അവസാനിച്ചു. ദുഃഖാചരണ സമാപനത്തിന്റെ ഭാഗമായി സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയിൽ നടന്ന പ്രത്യേക കുർബാനയിൽ എല്ലാ കർദിനാൾമാരും പങ്കെടുത്തു.


ഏഴിന്‌ കർദിനാൾമാരുടെ കോൺക്ലേവ്‌ ആരംഭിക്കുന്ന സിസ്‌റ്റെയ്‌ൻ ചാപ്പൽ അന്തിമ ഒരുക്കങ്ങളുടെ തിരക്കിലാണ്‌. കർദിനാൾമാർക്ക്‌ ഇരിക്കാനുള്ള ഇരിപ്പിടങ്ങളും വോട്ട്‌ രേഖപ്പെടുത്താനുള്ള മേശകളും തയ്യാറായി. വോട്ടെടുപ്പിനുശേഷം ബാലറ്റുകൾ കത്തിക്കാനുള്ള അടുപ്പ്‌ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ചാപ്പലിന്‌ മുകളിൽ പുകക്കുഴൽ സ്ഥാപിച്ചിരുന്നു. ചാപ്പലിനുള്ളിൽ പ്രായാധിക്യമുള്ള കർദിനാൾമാരെ ചക്രക്കസേരയിൽ കൊണ്ടുവരാനുള്ള റാംപും ഒരുക്കി.


പ്രത്യേക കുർബാനയോടെയാകും ഏഴിന്‌ കോൺക്ലേവ്‌ ആരംഭിക്കുക. പങ്കെടുക്കുന്ന കർദിനാൾമാർ ചൊവ്വ വൈകിട്ടോടെ വത്തിക്കാനിലെ അതിഥിമന്ദിരത്തിലേക്ക്‌ താമസം മാറ്റും. 133 കർദിനാൾമാരാണ്‌ കോൺക്ലേവിൽ പങ്കെടുക്കുന്നത്‌. ഓരോ വട്ടവും വോട്ടെടുപ്പ്‌ പൂർത്തിയാകുമ്പോൾ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ആറ്‌ കർദിനാൾമാർ ഓരോരുത്തരുടെയും മുന്നിലുള്ള വോട്ട്‌ പരിശോധിച്ച്‌ രേഖപ്പെടുത്തും.


തുടർന്നാണ്‌ ഫലം പ്രഖ്യാപിക്കുക. വോട്ടെടുപ്പിന്‌ മുമ്പായി മൂന്നംഗ സ്ക്രൂട്ടിണി സംഘത്തെയും തെരഞ്ഞെടുക്കും. ഏറ്റവും പ്രായംകുറഞ്ഞ കർദിനാളായിരിക്കും ഇവരുടെ പേരുകൾ തെരഞ്ഞെടുക്കുക. ആരോഗ്യപ്രശ്‌നങ്ങളാൽ ചാപ്പലിൽ നേരിട്ട്‌ എത്താനാകാത്തവരുടെ വോട്ട്‌ ശേഖരിക്കാൻ മറ്റ്‌ മൂന്നുപേരെക്കൂടി തെരഞ്ഞെടുക്കും. ഈ രണ്ട്‌ സംഘങ്ങളുടെയും പ്രവർത്തനം നിരീക്ഷിക്കാൻ മൂന്ന്‌ ‘റിവൈസർമാരെ’യും തെരഞ്ഞെടുക്കും. ഓരോ വോട്ടെടുപ്പിന്‌ മുന്നോടിയായും ഈ നടപടികൾ ആവർത്തിക്കും.


വോട്ടെടുപ്പ്‌ നടപടികൾ രഹസ്യമായി സൂക്ഷിക്കുമെന്ന്‌ കർദിനാൾമാരും ചാപ്പലിൽ സന്നിഹിതരാകുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള മറ്റുള്ളവരും പ്രതിജ്ഞയെടുക്കും.





deshabhimani section

Related News

View More
0 comments
Sort by

Home